NEWS MALAYALAM 24x7  
KERALA

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം; യെമന്‍ പൗരന്റെ കുടുംബവുമായി ബന്ധപ്പെട്ടു

യെമനിലെ പ്രധാന സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് മുഖാന്തിരമാണ് ഇടപെടല്‍

Author : ന്യൂസ് ഡെസ്ക്

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലീയാര്‍. യെമന്‍ പൗരന്റെ കുടുംബവുമായി കാന്തപുരം ബന്ധപ്പെട്ടു. യെമനിലെ പ്രധാന സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് മുഖാന്തിരമാണ് ഇടപെടല്‍.

ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളുമായി കാന്തപുരത്തിന് അടുത്ത വ്യക്തി ബന്ധമുണ്ട്. ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ മുഖാന്തരം നോര്‍ത്ത് യമന്‍ ഭരണകൂടവുമായും കാന്തപുരം സംസാരിച്ചു.

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രം അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വിദേശകാര്യ വകുപ്പ് മന്ത്രി ജയശങ്കറിനും കത്തയച്ചതായി മുഖ്യമന്ത്രി ഫേസ്ബുക്കില്‍ അറിയിച്ചു. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഇടപെടല്‍.

നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16ന് നടപ്പാക്കാനാണ് യെമന്‍ ജയില്‍ അധികൃതരുടെ തീരുമാനം. ഇതോടെയാണ് മോചനശ്രമങ്ങള്‍ ദ്രുതഗതിയിലായത്. ഇനി മൂന്ന് ദിവസം മാത്രമാണ് മുന്നിലുള്ളത്.

മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഈ വര്‍ഷം ഏപ്രില്‍ 20ന് യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ രണ്ടു തവണ അവര്‍ മകളെ ജയിലില്‍ ചെന്ന് കണ്ടിരുന്നു. യെമന്‍ പൗരന്റെ കുടുംബത്തിന് ദയാധനം നല്‍കി ശിക്ഷ ഒഴിവാക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെ തുടങ്ങി പണം ശേഖരിച്ചിരുന്നു. 19,871 ഡോളര്‍ കൂട്ടായ ശ്രമത്തിലൂടെ സമാഹരിച്ചു. 2024 ജൂലൈയില്‍ പണം കൈമാറിയിരുന്നു. ചില അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് രണ്ടാഘട്ടം പണം സമാഹരിക്കല്‍ തുടരാനായിരുന്നില്ല.

SCROLL FOR NEXT