കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, നിമിഷ പ്രിയ Source: Facebok
KERALA

ഇസ്ലാം മനുഷ്യത്വത്തിന് പ്രധാന്യം നല്‍കുന്ന മതം, കോടതിയില്‍ നിന്നുള്ള അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചു: കാന്തപുരം മുസ്ലിയാര്‍

"ഞാന്‍ ആവശ്യപ്പെട്ടതു പ്രകാരം യെമനിലെ ഉത്തരവാദിത്തപ്പെട്ട പണ്ഡിതന്മാരെല്ലാം ചേര്‍ന്ന് ചർച്ച നടത്തുകയായിരുന്നു"

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള യെമന്‍ സര്‍ക്കാരിന്റെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിവരം വാര്‍ത്തകളിലൂടെ അറിഞ്ഞപ്പോള്‍ തന്നെ ഇടപെടുകയായിരുന്നുവെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

ഇസ്ലാം മനുഷ്യത്വത്തിന് പ്രാധാന്യം നല്‍കുന്ന, ജാതി മതഭേദമന്യേ മനുഷ്യന്‍ എന്ന നിലയ്ക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന മതമാണ്. ഈ വിഷയത്തില്‍ ഇടപെട്ട് എന്തെങ്കിലും ചെയ്യാനാവുമെങ്കില്‍ ചെയ്യണമെന്ന് താന്‍ ആവശ്യപ്പെട്ടതു പ്രകാരം യെമനിലെ ഉത്തരവാദിത്തപ്പെട്ട പണ്ഡിതന്മാരെല്ലാം ചേര്‍ന്ന് ഇക്കാര്യം ആലോചിക്കുകയും ഇളവ് ചെയ്യാമെന്ന് അറിയിക്കുകയായിരുന്നുവെന്നും കാന്തപുരം പറഞ്ഞു.

'നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധേയയാക്കുന്നതിനായുള്ള കോടതി വിധിയുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ വന്നിരുന്നു. നമ്മുടെ ഇവിടുത്തെ പോലെ തന്നെ വധശിക്ഷ ഒഴിവാക്കാന്‍ കൊല ക്കുറ്റം ചെയ്തവര്‍ക്ക് പ്രായശ്ചിത്തം നല്‍കാനും പറയുന്നുണ്ട്. വിവരം അറിഞ്ഞപ്പോള്‍ യെമനിലെ ഉത്തരവാദിത്തപ്പെട്ട പണ്ഡിതന്മാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇസ്ലാം മനുഷ്യത്വത്തിന് പ്രധാന്യം നല്‍കുന്ന മതം. മനുഷ്യന്‍ എന്ന നിലയ്ക്ക് പ്രധാന്യം കല്‍പ്പിക്കുന്ന മതം. ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യണമെന്ന് ഞാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ യെമനിലെ ഉത്തരവാദിത്തപ്പെട്ട പണ്ഡിതന്മാരെല്ലാം ചേര്‍ന്ന് ഇക്കാര്യം ആലോചിക്കുകയും ഇളവ് ചെയ്യാമെന്ന് അറിയിക്കുകയുമായിരുന്നു,' കാന്തപുരം പറഞ്ഞു.

കോടതി ഉത്തരവ് ഔദ്യോഗികമായി ലഭിച്ചു. അതുകൊണ്ട് നാളെ പുലര്‍ച്ചെ നടത്താനിരുന്ന വധശിക്ഷ മാറ്റിവെച്ചതായി അറിയിച്ചു. ഇടപെടലുകള്‍ ഇനിയും ഉണ്ടാകും. ഇന്ത്യന്‍ സര്‍ക്കാരിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്കും ഇക്കാര്യം സംബന്ധിച്ച് കത്ത് അയച്ചുവെന്നും കാന്തപുരം പറഞ്ഞു.

നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചുള്ള യെമന്‍ സര്‍ക്കാരിന്റെ ഉത്തരവ് പുറത്തുവന്നിരുന്നത് ഉച്ചയ്ക്ക് രണ്ടരയോടെയാണ്. അതേസമയം, ദിയാധനം സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. ന്യൂസ് മലയാളമാണ് ഈ വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന നീക്കം യെമന്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചതായി ഇന്ത്യന്‍ സര്‍ക്കാരും സ്ഥിരീകരിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസി വധശിക്ഷ നീട്ടിവെച്ച കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ജയില്‍ അധികൃതരുമായും പ്രോസിക്യൂട്ടറുടെ ഓഫീസുമായും ബന്ധപ്പെട്ടുവരുന്നുണ്ട്.

നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്നത്. യെമന്‍ ജഡ്ജിമാരുമായും മതപണ്ഡിതരുമായും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ ചര്‍ച്ച നടത്തിയിരുന്നു.

SCROLL FOR NEXT