കരിപ്പൂർ വിമാനത്താവളത്തിൽ 1.67 കോടി രൂപയുടെ സ്വർണം പിടികൂടി പ്രതീകാത്മക ചിത്രം
KERALA

അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗിൽ 1.67 കോടിയുടെ സ്വർണം; കരിപ്പൂരില്‍ തുടരുന്ന സ്വര്‍ണക്കടത്ത്

സമീപ കാലത്തെ ഡിആര്‍ഐയുടെ ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണിത്. 1300 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് പിടികൂടിയത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അധികൃതര്‍ക്ക് തലവേദനയായി സ്വര്‍ണക്കടത്ത് തുടരുന്നു. ഇന്ന് ഡിആര്‍ഐയുടെ നേതൃത്വത്തില്‍ വന്‍ സ്വര്‍ണവേട്ടയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്നത്. കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് അസറുദ്ദീനില്‍ നിന്ന് 1.67 കോടി രൂപയുടെ സ്വര്‍മാണ് പിടികൂടിയത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് കരിപ്പൂരില്‍ നിന്നും സ്വര്‍ണം പിടികൂടുന്നത്.

ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. അസറുദ്ദീന്റെ ഹാന്‍ഡ്ബാഗില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. അബുദാബിയില്‍ നിന്നാണ് ഇയാള്‍ എത്തിയത്. സമീപ കാലത്തെ ഡിആര്‍ഐയുടെ ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണിത്. 1300 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസങ്ങളിലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയിരുന്നു. വിമാനത്താവളത്തിനകത്തെ പരിശോധനകളെല്ലാം വെട്ടിച്ച് പുറത്തുവന്ന സ്വര്‍ണ്ണമാണ് ഇന്നലെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ കരിപ്പൂരില്‍ പൊലീസിന്റെ മൂന്നാമത്തെ സ്വര്‍ണ്ണ വേട്ടയാണിത്. യാത്രക്കാരും സ്വര്‍ണ്ണം വാങ്ങാനെത്തിയ ആളുമടക്കം മൂന്ന് പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് 661 ഗ്രാം സ്വര്‍ണ്ണവും മൂന്ന് ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു.

ഇന്നലെ രാവിലെ 9 മണിയോടെ ഷാര്‍ജയില്‍ നിന്നെത്തിയ ഐ.എക്‌സ് 440 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് കരിപ്പൂര്‍ വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത് നടന്നത്. കോഴിക്കോട് നാദാപുരം സ്വദേശി ഖാലിദ്, നല്ലളം സ്വദേശി മുഹമ്മദ് റഹീസ് എന്നിവരാണ് സ്വര്‍ണ്ണം കടത്തിയത്. ആഭരണ രൂപത്തിലാക്കിയ 661 ഗ്രാം സ്വര്‍ണ്ണം വസ്ത്രത്തില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചാണ് ഇരുവരും വിമാനത്താവളത്തിന് പുറത്തെത്തിച്ചത്.

വിമാനത്താവളത്തിനകത്തെ കസ്റ്റംസ് പരിശോധനകള്‍ സുഗമമായി കടന്നുകിട്ടിയെങ്കിലും പുറത്ത് പൊലീസിന്റെ വലയിലാകുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതോടെ സ്വര്‍ണ്ണം ഏറ്റുവാങ്ങാന്‍ പുറത്ത് കാത്തുനിന്ന കൊടുവള്ളി സ്വദേശി ഹനീഫും പോലീസിന്റെ വലയിലായി. സ്വര്‍ണ്ണമിടപാടിനായി ഇയാള്‍ കൊണ്ടുവന്ന മൂന്ന് ലക്ഷത്തി പതിനായിരം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

SCROLL FOR NEXT