

ടെഹ്റാൻ: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ. മുൻപുള്ളതിനേക്കാൾ കൂടുതൽ ശക്തരും സജ്ജരുമാണ് ഇറാനിയൻ സായുധ സേനയെന്ന് സൈനിക വക്താവ് മുഹമ്മദ് അക്രമിനിയ ശനിയാഴ്ച വ്യക്തമാക്കി. യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരായി ഫെബ്രുവരി മുതൽ ആരംഭിച്ച യുദ്ധം ചൂണ്ടിക്കാട്ടിയാണ് സൈനിക വക്താവ് രാജ്യത്തിന്റെ നിലപാട് പറഞ്ഞത്.
ഇറാനെതിരെ വീണ്ടും ആക്രമണം ഉണ്ടായാൽ ഭൂമിശാസ്ത്രപരമായ അതിരുകൾ വകവെക്കാതെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ഭീഷണി മുഴക്കുന്നതിനിടയിലാണ് ഈ മുന്നറിയിപ്പ്.
''പരമോന്നത നേതാവ് മുജ്തബ ഖമനേയിയുടെ നിർദേശപ്രകാരമായിരിക്കും ഇറാൻ സൈന്യം പ്രവർത്തിക്കുക. അമേരിക്ക തങ്ങൾക്കെതിരെ വീണ്ടും ആക്രമണം ആരംഭിച്ചാൽ ആ രാജ്യത്തിനു പുറത്തുള്ള അവരുടെ സൈനിക താവളങ്ങളെയും തങ്ങൾ ആക്രമിക്കും.'' - ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്രമിനിയ പറഞ്ഞതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
"അമേരിക്കയോടും ഇസ്രയേൽ ഭരണകൂടത്തോടും നേരിട്ട് പോരാടി പരിചയസമ്പത്ത് നേടിയതാണ് ഇറാന്റെ സായുധ സേന. യുദ്ധം തുടങ്ങിയ സമയത്തേക്കാൾ കൂടുതൽ ജാഗ്രതയുള്ളവരും കൂടുതൽ ശക്തരുമാണ് അവർ. അങ്ങനെയുള്ളവർക്ക് ഇപ്പോൾ വലിയ പ്രചോദനവും പ്രതിബദ്ധതയും ആത്മവിശ്വാസവുമുണ്ട്"- അദ്ദേഹം കൂട്ടിച്ചേർത്തു.