ആലപ്പുഴ: കാർത്തികപ്പള്ളിയിൽ പോഷകാഹാര കുറവിനെ തുടർന്ന് രണ്ട് വയസുകാരനായ കുട്ടി മരിച്ചതിൽ കൂടുതൽ നടപടികളുമായി സർക്കാർ. നവജാത ശിശുവിന്റെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു. അമ്മയെയും കുഞ്ഞിനെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. അമ്മ താര വിസമ്മതിച്ചാൽ കുഞ്ഞിനെ മാത്രമായി മാറ്റുന്നതും ആലോചനയിലാണ്. 10 വർഷത്തിനിടെ ഏഴ് കുട്ടികൾക്കാണ് ഇവർ ജന്മം നൽകിയത്.
കുഞ്ഞിന് മുലപ്പാൽ നൽകാൻ താര തയ്യാറാകുന്നില്ലെന്ന് ആശുപത്രിയി അധികൃതർ അറിയിച്ചു. താരയെ അവരുടെ സമ്മത്തോടെ വന്ധ്യംകരിച്ചതായും അറിയിച്ചു. രണ്ട് വയസുകാരനായ രാഹുലിൻ്റെ മരണം അറിഞ്ഞിട്ടും കൂസലില്ലാത്ത പെരുമാറ്റമാണ് താരയിൽ നിന്ന് ഉണ്ടായത്. കുട്ടിയുടെ മരണത്തിൽ നിലവിൽ കേസെടുത്തിരിക്കുന്നത് അസ്വാഭാവിക മരണത്തിന് മാത്രമാണ്.
കാർത്തികപ്പള്ളി പഞ്ചായത്തിലെ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ്-താര ദമ്പതികളുടെ ആറാമത്തെ കുട്ടി രാഹുലാണ് കഴിഞ്ഞ ദിവസം മരിച്ചത്. അമ്മയെ പ്രസവത്തിനായി ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്. പോഷകാഹാരക്കുറവ് മൂലമുള്ള അനീമിയ ആണ് മരണ കാരണമെന്ന് പോസ്റ്റമോർട്ടത്തിൽ വ്യക്തമായതായി തൃക്കുന്നപ്പുഴ പൊലീസ് അറിയിച്ചിരുന്നു. രാഹുലിൻ്റെ മരണത്തെ തുടർന്ന് മറ്റു നാലു കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
കുഞ്ഞുങ്ങളെ ദമ്പതികൾ പരിപാലിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് അടുത്തിടെ ജനപ്രതിനിധികൾ ഇടപെട്ട് ദമ്പതികളെയും കുഞ്ഞുങ്ങളെയും പത്തനാപുരത്തെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെനിന്ന് സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വീണ്ടും വാടകയ്ക്ക് താമസിക്കുകയായിരുന്നു ദമ്പതികൾ. ഇതിനിടയിലാണ് രണ്ടു വയസുകാരന്റെ മരണം. ഇതാണ് നാട്ടുകാരുടെ സംശയത്തിനിടയാക്കിയത്.