KERALA

ചുവപ്പുനാടയില്‍ കുരുങ്ങി കെഎഎസ്; നിയമനം നൽകാതെ പിഎസ്‌സി, ഉദ്യോഗാർഥികൾ ആശങ്കയിൽ

ഒരു വർഷം മാത്രം കാലാവധിയുള്ള റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടിൽ ആശങ്കയിലായിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരളത്തിൻ്റെ സ്വന്തം സിവിൽ സർവീസ് എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസിൽ അനിശ്ചിതത്വം. രണ്ടാമത് കെഎഎസ് റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് മൂന്നര മാസം പിന്നിട്ടിട്ടും ഒരാൾക്ക് പോലും നിയമന ശുപാർശ നല്‍കാന്‍ പിഎസ്‌സിക്ക് സാധിച്ചിട്ടില്ല. ഒരു വർഷം മാത്രം കാലാവധിയുള്ള റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികളാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടിൽ ആശങ്കയിലായിരിക്കുന്നത്.

സംസ്ഥാനത്ത് വൻ മാറ്റം ലക്ഷ്യമിട്ട് പിണറായി സര്‍ക്കാര്‍ രൂപീകരിച്ച കെഎഎസിൻ്റെ രണ്ടാം ബാച്ച് നിയമനങ്ങളാണ് ചുവപ്പുനാടയിൽ കുരുങ്ങിയത്. 31 ഒഴിവുകളിലേക്ക് ലക്ഷ്യമിട്ടായിരുന്നു രണ്ടാം കെഎഎസ് വിജ്ഞാപനവും തുടർന്ന് പരീക്ഷയും അഭിമുഖവും നടന്നത്. ‌കഴിഞ്ഞ ജനുവരി 30ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മൂന്നു സ്ട്രീമിലായി പ്രസിദ്ധീകരിച്ച ലിസ്റ്റിൽ 261 പേരെയാണ് ഉൾപ്പെടുത്തിയത്. പക്ഷേ നാളിതുവരെ ഒരു നിയമനം പോലും ഉണ്ടായില്ല.

ഒഴിവുണ്ടെന്ന് കണ്ടെത്തിയ 31 തസ്തികകളില്‍ 28 ഒഴിവുകൾ പൊതുഭരണ വകുപ്പ് ഇതുവരെ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാത്തതാണ് ‌പ്രതിസന്ധിക്ക് കാരണം.കെഎഎസ് കേഡർ സ്ട്രെങ്ങ്ത്തിൻ്റെ 30% തസ്തിക ഓൾ ഇന്ത്യ സർവീസ് മാതൃകയിൽ ഡെപ്യൂട്ടേഷൻ റിസർവ് രൂപീകരിക്കാനായി 2023 ജൂണിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി സെക്രട്ടറിതല കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ 28 ഒഴിവുകള്‍ കണ്ടത്തുകയും ഇതിന് പുറമെ 3 ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

2021ൽ നിയമിതരായ കെഎഎസ് ഉദ്യോഗസ്‌ഥരിൽ ഒരാൾ വിട്ടുപോവുകയും 2 പേർ ഡെപ്യൂട്ടേഷനിൽ പോവുകയും ചെയ്‌തതിൻ്റെ അടിസ്‌ഥാനത്തിലാണു 3 ഒഴിവ് റിപ്പോർട്ട് ചെയ്തത്. ബാക്കി 28 ഒഴിവ് ഉടൻ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുമെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി 2025 ഫെബ്രുവരി 12ന് പിഎസ്‌സിയെ അറിയിച്ചതിനെ തുടർന്നാണ് 2025 മാർച്ച് 7ന് പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ച് പരീക്ഷ നടത്തിയത് പക്ഷേ, പരീക്ഷ നടത്തി റാങ്ക് ലിസ്‌റ്റും പ്രസിദ്ധീകരിച്ചു മൂന്നര മാസം കഴിഞ്ഞിട്ടും ഈ ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു.

SCROLL FOR NEXT