കാസർഗോഡ്: സിപിഐഎം നേതാവ് എം. രാഘവൻ പാർട്ടിയിൽ നിന്ന് രാജിവച്ചു. പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചതായി ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി. ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലെ അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് സൂചന. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
നിലവിൽ കാഞ്ഞങ്ങാട് ഏരിയാ സെൻ്ററിലാണ് എം. രാഘവൻ പ്രവർത്തിച്ചുവരുന്നത്. പാർട്ടിയുടെ വിവിധ സംഘടനാ ചുമതലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കാസർഗോഡ് ജില്ലയിലെ സിപിഐഎമ്മിലെ പരിചയസമ്പന്നനായ നേതാക്കളിലൊരാളാണ്.
വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ മുതിർന്ന നേതാവ് രാജിവെച്ചത് സിപിഐഎം കാസർഗോഡ് ജില്ലാ ഘടകത്തിൽ ചർച്ചയായിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സംഘടനാ തലത്തിൽ തിരുത്തൽ നടപടികളും നേതൃത്വത്തിൻ്റെ പുനഃക്രമീകരണവും സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് എം. രാഘവൻ്റെ രാജി.