മരിച്ച മുബഷീർ 
KERALA

കാസർഗോഡ് പോക്സോ കേസ് പ്രതിയുടെ മരണത്തിൽ ദുരൂഹത; മരണകാരണം ഹൃദയാഘാതമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ശരീരത്തിൽ ഗുളികകളുടെ സാന്നിധ്യമുണ്ടെന്നും രക്തം കട്ട പിടിച്ച പാടുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: ജില്ലാ സബ് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുബഷീറിന്റെ മരണകാരണം ഹൃദയാഘാതം അല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ഗുളികകളുടെ സാന്നിധ്യമുണ്ടെന്നും രക്തം കട്ട പിടിച്ച പാടുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയക്കും.

ഇന്നലെ പുലർച്ചയാണ് പോക്സോ കേസ് പ്രതിയായ കാസർഗോഡ് ദേളി സ്വദേശി മുബഷീറിനെ സ്പെഷ്യൽ സബ് ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം ആവാം മരണകാരണമെന്നായിരുന്നു നിഗമനം. എന്നാൽ ബന്ധുക്കൾ മർദനമേറ്റിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ചതോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇവിടെ നടന്ന പോസ്റ്റുമോട്ടത്തിലാണ് മരണകാരണം ഹൃദയാഘാതമല്ലെന്നും ശരീരത്തിൽ മരുന്നിന്റെ സാന്നിധ്യം ഉണ്ടായിരുന്നെന്നും കണ്ടെത്തിയത്.

ശരീരത്തിൽ മർദനമേറ്റതിന് സമാനമായ പാടുകൾ ഉണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തിന് ശക്തി പകരുന്നതാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തം കട്ടകെട്ടിയ നിലയിൽ കണ്ടതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതാണോ മരണകാരണമെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അതിനാൽ ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്കായി ഫോറൻസിക്കിന് കൈമാറും.

പൂർണ ആരോഗ്യവാനായ മുബഷീറിന് ജയിൽ അധികൃതർ അനാവശ്യമായി മരുന്നുകൾ നൽകുന്നതായും ഉദ്യോഗസ്ഥരും സഹ തടവുകാരും മർദിച്ചിരുന്നതായും മുബഷീർ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പോസ്റ്റ്മോർട്ടവും അന്വേഷണവും വേണമെന്ന് കുടുംബം ആവശ്യപ്പെട്ടത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമാകും കാസർഗോഡ് പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.

SCROLL FOR NEXT