

മലപ്പുറം: മലപ്പുറത്ത് നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ നാടകത്തെ ചൊല്ലി വിവാദം. നാടകത്തില്‍ ഹിന്ദു പുരാണ കഥാപാത്രങ്ങളെ അവഹേളിച്ചെന്ന പരാതിയുമായി ഹിന്ദു ഐക്യവേദി ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തെത്തി. മലപ്പുറം ജില്ലാ കലോത്സവത്തില്‍ കോട്ടൂര്‍ എകെഎം എച്ച്എസ്എസ് അവതരിപ്പിച്ച 'വീരനാട്യം' എന്ന നാടകത്തെ ചൊല്ലിയാണ് വിവാദം.
അതേസമയം, ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി എത്തിയതോടെ നാടകത്തില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ പിന്മാറി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കുക പുതിയ നാടകമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
രാമായണം, മഹാഭാരതം തുടങ്ങി ഹിന്ദു പുരാണങ്ങളില്‍ സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്നത് അടിസ്ഥാനപ്പെടുത്തി ആയിരുന്നു നാടകം. ഗാന്ധാരി, ശൂര്‍പ്പണഖ തുടങ്ങിയ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു നാടകം.
വണ്ടൂരില്‍ വച്ചാണ് മലപ്പുറം സ്‌കൂള്‍ ജില്ലാ കലോത്സവം നടന്നത്. നാടകത്തിന് മത്സരത്തില്‍ ഫസ്റ്റ് എ ഗ്രേഡ് ലഭിക്കുകയും ചെയ്തിരുന്നു. ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ നാടത്തിലെ ഏതാനും ചില ഭാഗങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ഇതിനെതിരെ വലിയ വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്തു. ഹിന്ദു പുരാണത്തെയും കഥാപാത്രങ്ങളെയും അവഹേളിക്കുന്നതായിരുന്നു നാടകം എന്ന് ആരോപിച്ചാണ് ഇവർ ഭീഷണിയുമായി രംഗത്തെത്തിയത്.
ചില ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി അധികൃതരെ കണ്ട് സംസാരിക്കുകയും ഇതിലെ ഉള്ളടക്കത്തില്‍ പ്രതിഷേധമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്‌കൂള്‍ അധികൃതര്‍ നാടകത്തില്‍ നിന്ന് തന്നെ പിന്മാറാന്‍ തീരുമാനിച്ചത്.