കാസര്‍ഗോഡ്: ആരിക്കാടി ദേശീയപാതയില്‍ നാളെ മുതല്‍ ടോള്‍ പിരിക്കാനിരിക്കെ പ്രതിഷേധത്തിനൊരുങ്ങി പ്രദേശവാസികള്‍. കേസ് കോടതിയില്‍ നിലനില്‍ക്കെയാണ് നിര്‍മ്മാണ കമ്പനി ടോള്‍ പിരിക്കാനൊരുങ്ങുന്നത്. ഇതിനെതിരെയാണ് പ്രദേശവാസികളുടെ പ്രതിഷേധം.
ടോള്‍ പിരിവിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുമതി ദേശീയപാതാ അതോറിറ്റിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഒപ്പം ഹൈക്കോടതി കേസ് പരിഗണിക്കുകയും ചെയ്യുന്നു. അതിനിടയിലാണ് നിര്‍മ്മാണ കമ്പനി ടോള്‍ പിരിക്കാനൊരുങ്ങുന്നത്.
കേന്ദ്ര അനുമതി ലഭിക്കുകയും കോടതി വിധി അനുകൂലമാവുകയും ചെയ്താല്‍ ടോള്‍പിരിവ് ആരംഭിക്കാനായിരുന്നു നീക്കം. എന്നാല്‍ കോടതി വിധി വൈകുന്നതിനാലാണ് തിരക്കുപിടിച്ചുള്ള നീക്കം. ഒരു കാരണവശാലും ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. ആരിക്കാടിയിലെ ടോള്‍ഗേറ്റ് താത്കാലികമെന്നാണ് ദേശീയപാതാ അതോറിറ്റി അധികൃതര്‍ പറയുന്നത്.
ദേശീയപാത രണ്ടാം റീച്ചിലെ ടോള്‍ഗേറ്റ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ആരിക്കാടിയിലെ ടോള്‍ഗേറ്റ് വഴി ടോള്‍ പിരിച്ചെടുക്കാനാണ് അതോറിറ്റിയുടെ നീക്കം. രണ്ടാം റീച്ചിലെ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കുമെന്ന് സൂചനയും നല്‍കുന്നുണ്ട്.
അതുവരെ കുമ്പള, മംഗല്‍പാടി, മഞ്ചേശ്വരം, മൊഗ്രാല്‍പുത്തൂര്‍, ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളുടെ പരിധിയിലെ വ്യാപാരികള്‍ ഉള്‍പ്പടെയുള്ളവര്‍ ടോള്‍ഗേറ്റ് വഴി കടന്നുപോകുമ്പോള്‍ വന്‍ തുകയാണ് നല്‍കേണ്ടിവരിക.