ന്യൂഡൽഹി: യുഡിഎഫ് ഭരണത്തിലെത്തിയാൽ മുഖ്യമന്ത്രി ആകാൻ കെ.സി. വേണുഗോപാൽ തയ്യാറാണെന്ന് സൂചന. ഹൈക്കമാൻഡ് തീരുമാനിച്ചാൽ മുഖ്യമന്ത്രി ആകാൻ തയ്യാറാണെന്ന് കെ.സി. വേണുഗോപാൽ സന്നദ്ധത അറിയിച്ചതായാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രി ആകുമെങ്കിൽ ഇരിക്കൂറിൽ നിന്ന് മത്സരിക്കും. സജീവ് ജോസഫ്, കെ.സി. വേണുഗോപാലിന് വേണ്ടി എംഎൽഎ സ്ഥാനം രാജി വെക്കും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോൾ മന്ത്ര എന്ന ഏജൻസി നടത്തിയ സർവ്വേയിൽ ഒന്നാം സ്ഥാനം കെ.സി. വേണുഗോപാലിന് ആയിരുന്നു. രണ്ടാം സ്ഥാനത്ത് പിണറായി വിജയനും മൂന്നാംസ്ഥാനത്ത് വി. ഡി. സതീശനും ആ സർവ്വേയിൽ ഇടം പിടിച്ചു. ഈ ഏജൻസി കെസി വേണുഗോപാൽ ഹൈക്കമാന്റിനെ സ്വാധീനിക്കാൻ വേണ്ടി നിയോഗിച്ചതാണെന്നാണ് എതിർ ഗ്രൂപ്പുകാരുടെ വാദം. സ്വന്തം പിആറിനായി കോടികൾ വേണുഗോപാൽ ചെലവാക്കി എന്നും എതിരാളികൾ ആരോപിക്കുന്നു. അതേസമയം, മുഖ്യമന്ത്രി ചർച്ചകളിൽ താല്പര്യമില്ലെന്ന് കെ.സി. വേണുഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കെ. സുധാകരന്‍ പറഞ്ഞത് പൊതുവായിട്ടുള്ള കാര്യമെന്നും കെ. സി. വേണുഗോപാല്‍ പ്രതികരിച്ചു.
കെ. സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് കൊണ്ട് പ്രവർത്തകർ രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെയാണ് നേതാക്കളും അനുകൂലികളും അവരുടെ അഭിപ്രായം പങ്കുവച്ചത്.
സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടർന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെസിക്ക് കഴിയും എന്ന ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകരിൽ ശക്തമാണെന്നും സുധാകരൻ പോസ്റ്റൽ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയോടുള്ള അചഞ്ചലമായ ആത്മാർത്ഥത, പ്രതിസന്ധികളിൽ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവർത്തകരോട് കാണിക്കുന്ന വിനയവും, ആദരവുമാണ് കെ.സി. വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത് എന്നും സുധാകരൻ പറഞ്ഞിരുന്നു.
പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വി.ഡി. സതീശൻ്റെ അനുകൂലികൾ കമൻ്റ് ബോക്സ് കയ്യടക്കി. മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ സതീശൻ ആണെന്നും, സുധാകരൻ്റെ പോസ്റ്റ് സതീശനെതിരെ ഉള്ള ഒളിയമ്പ് ആണെന്നുമുള്ള തരത്തിലുള്ള അഭിപ്രായവും കമൻ്റ് ചെയ്യപ്പെട്ടു.