കൊച്ചി: പരിസ്ഥിതി ലോല മേഖലാ കരട് വിജ്ഞാപനത്തിൽ നിലപാട് കടുപ്പിച്ച് കേരള കത്തോലിക്ക മെത്രാൻ സമിതി. ആദ്യ കരട് വിജ്ഞാപനത്തിലെ പിഴവുകൾ പുതിയ കരടിലും ആവർത്തിച്ചത് ആശങ്കയുണ്ടാക്കുന്നു.
മലയോര കര്‍ഷകര്‍ക്കും ആദിവാസി സമൂഹങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശത്തിന് തുരങ്കം വയ്ക്കുന്ന പിഴവുകള്‍ സര്‍ക്കാരുകള്‍ തിരുത്തണമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആവശ്യപ്പെട്ടു. മനുഷ്യ കേന്ദ്രീകൃത പരിസ്ഥിതി സംരക്ഷണം എന്ന നയം സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
ഇഎസ്എയ്ക്ക് പിന്നിൽ ലോക പൈതൃക പദവിയുമായി ബന്ധപ്പെട്ട സ്ഥാപിത താൽപ്പര്യങ്ങളുണ്ടെന്ന് കെസിബിസി ആരോപിച്ചു. പരിസ്ഥിതി സംരക്ഷണം എക്കാലവും കത്തോലിക്ക സഭയുടെ അടിസ്ഥാന സാമൂഹിക പ്രബോധനങ്ങളുടെ ഭാഗമാണെന്നും കെസിബിസി വ്യക്തമാക്കി.
2026 ജൂലൈ 27ന് പുറത്തിറക്കിയ ഏഴാമത്തെ കരട് വിജ്ഞാപനത്തിലും ആദ്യ കരടിലെ പിഴവുകൾ ആവർത്തിച്ചത് മലയോര ജനതയെ ആശങ്കയിലാക്കുന്നു. മലയോര കർഷകർക്കും ആദിവാസി സമൂഹങ്ങൾക്കും സ്വസ്ഥമായി ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ തുരങ്കം വയ്ക്കുന്ന പിഴവുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തിരുത്തണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
വനം വകുപ്പ് നേരിട്ട് നിയന്ത്രിക്കുന്ന വനമേഖലയെയും സംരക്ഷിത മേഖലകളെയും മാത്രം ഉൾപ്പെടുത്തി, ഇഎസ്എയുടെ പുതുക്കിയ മാപ്പും കൃത്യമായ വിസ്തീർണ്ണവും ഉൾപ്പെടെ തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ച് ശാശ്വത പരിഹാരം കാണണമെന്ന് കെസിബിസി പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സർക്കാരിനോട് അഭ്യർത്ഥിച്ചു.