ബസപകടത്തിൽ മരിച്ചവർ Source: News Malayalam 24x7
KERALA

കെനിയയിലെ വാഹനാപകടം: ഹെൽപ് ഡെസ്‌ക്കുകൾ സജ്ജം, മലയാളികളുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

വിനോദ സഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്.

Author : ന്യൂസ് ഡെസ്ക്

കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണമടഞ്ഞ മലയാളികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നെയ്റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും 5 മലയാളികൾ മരണപ്പെട്ടതായാണ് വിവരം.

കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ ഹെല്‍പ്പ് ഡെസ്കിലേയ്ക്ക് 18004253939 (ടോൾ ഫ്രീ നമ്പർ,ഇന്ത്യയില്‍ നിന്നും), +91-8802012345 (മിസ്ഡ് കോൾ, വിദേശത്തു നിന്നും) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

നോർക്ക റൂട്സ് വഴി ലോകകേരള സഭാംഗങ്ങൾ ഇടപെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യന്‍ പൗരന്മാരെ നെയ്റോബിയിലെ ആശുപത്രികളിലേയ്ക്ക് മാറ്റുമെന്ന് ലോക കേരള സഭാഗങ്ങൾ അറിയിച്ചിട്ടുണ്ട്.

നിലവില്‍ നെഹ്റൂറുവിലെ ആശുപത്രികളില്‍ കഴിയുന്ന പരിക്കേറ്റവരെ രാത്രിയോടെ റോഡു മാര്‍ഗമോ എയര്‍ ആംബുലന്‍സിലോ നെയ്റോബിയിലെത്തിക്കാനാകുമെന്നും അപകടത്തില്‍ മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങളും നെയ്റോബിയിലേക്ക് കൊണ്ടുപോകുമെന്നും അവർ അറിയിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നെയ്റോബിയിലെ നക്റൂ, അഗാക്കാന്‍ ആശുപത്രികളില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്നും മലയാളി അസോസിയേഷന്‍, ലോക കേരളസഭാ അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചിട്ടുണ്ട്.

ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് (കെനിയന്‍ സമയം വൈകിട്ട് 4.30 ന്)വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയവരാണിവര്‍. നെയ്റോബിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലാണ് അപകടമുണ്ടായത്.

അപകടവിവരം അറിഞ്ഞയുടന്‍ തന്നെ കെനിയയിലെ ലോകകേരള സഭ മുന്‍ അംഗങ്ങളായ ജി.പി. രാജ്മോഹന്‍, സജിത് ശങ്കര്‍ എന്നിവരും കേരള അസോസിയേഷന്‍ ഓഫ് കെനിയയിലെ അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.

പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആൻ, മകൾ ടൈറ റോഡ്വിഗസ്, തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് എന്നിവരാണ് മരിച്ചത്. റിയയുടെ ഭർത്താവ് ജോയലിനെയും മകൻ ട്രാവസിനേയും പരിക്കുകളോടെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂർ ചാവക്കാട് വെങ്കിടങ്ങ് സ്വദേശി കുറ്റിക്കാട്ട് ചാലിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ ജസ്ന (29),ഒന്നര മാസം പ്രായമായ മകൾ റൂഹി മെഹറിൻ എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടത്തിൽ മുഹമ്മദ് ഹനീഫയ്ക്ക് ഗുരുതര പരിക്കേറ്റിറ്റുണ്ട്. ഇവരുടെ കുടുംബം ഏറെ വര്‍ഷങ്ങളായി ഖത്തറില്‍ ആണ് താമസം.

ഖത്തറില്‍ ചാര്‍ട്ടേഡ് അക്കൗണ്ടൻ്റായി ജോലിചെയ്യുന്ന ഹനീഫ കഴിഞ്ഞമാസം ഉപ്പയുടെ ചികിത്സയ്ക്ക് വേണ്ടി അഞ്ച് ദിവസത്തെ ലീവിനായി നാട്ടില്‍ എത്തിയിരുന്നു. ബലിപെരുന്നാളിൻ്റെ അവധിയില്‍ ഖത്തറില്‍ നിന്നും ടൂറിന് പോയതായിരുന്നു മുഹമ്മദും കുടുംബവും. അപകട വാര്‍ത്തയറിഞ്ഞ് മുഹമ്മദിന്റെ സഹോദരി ഹെബ ഭര്‍ത്താവ് സുബൈര്‍, എന്നിവര്‍ ഖത്തറില്‍ നിന്നും കെനിയയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് മുഹമ്മദും കുടുംബവും ഒന്നിച്ച് വെങ്കിടങ്ങ് തൊയക്കാവില്‍ ബന്ധുവിൻ്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി നാട്ടില്‍ എത്തിയിരുന്നു.

SCROLL FOR NEXT