തിരുവനന്തപുരം: കേരളത്തിലെ കാർഷിക-ഭക്ഷ്യ സംസ്കരണ മേഖലയെ കൂടുതൽ മത്സര ക്ഷമവുമാക്കി മാറ്റുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പായി ലോകബാങ്കിൻ്റെ സഹകരണത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേര പ്രൊജക്ടിൻ്റെ ഭാഗമായി സ്മാർട്ട് പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു.
സംസ്ഥാനത്തെ അഗ്രി-ഫുഡ് രംഗത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആധുനിക സാങ്കേതികവിദ്യ, ഹരിത വികസനം, വിപണി വികസനം, മൂല്യവർദ്ധിത ഉൽപ്പാദനം എന്നിവയിലൂടെ പുതിയ വളർച്ചയിലേക്ക് നയിക്കുന്ന പദ്ധതിയായിരിക്കും “കേര സ്മാർട്ട്” എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കാർഷികോൽപ്പന്നങ്ങളുടെ മൂല്യവർദ്ധനവും സംസ്‌കരണ ശേഷിയും വർധിപ്പിക്കുന്നതിനൊപ്പം കർഷകർക്കും സംരംഭകർക്കും ഒരുപോലെ പ്രയോജനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കാർഷികോൽപ്പന്നങ്ങൾ ആധുനിക രീതിയിൽ സംസ്‌കരിച്ച് ആഭ്യന്തര-കയറ്റുമതി വിപണികളിലേക്ക് എത്തിക്കാൻ ശേഷിയുള്ള അഗ്രി-ഫുഡ് എംഎസ്എംഇകളെ സാമ്പത്തികമായും സാങ്കേതികമായും ശാക്തീകരിക്കുന്നതിനായി ഒരു സംരംഭത്തിന് പരമാവധി ഒന്നരക്കോടി രൂപ വരെ ഗ്രാൻ്റ് ലഭ്യമാക്കും.
കുറഞ്ഞത് മൂന്ന് വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്നതും മികച്ച വികസന സാധ്യതയുള്ളതുമായ എംഎസ്എംഇ യൂണിറ്റുകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഉത്പാദന, സേവന രംഗത്ത് പ്രവർത്തിക്കുന്ന ചെറുകിട- ഇടത്തരം യൂണിറ്റുകളെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യന്ത്രസാമഗ്രികളിൽ 50 ലക്ഷം രൂപയിലധികം നിക്ഷേപമുള്ള മൈക്രോ യൂണിറ്റുകളെയും പരിഗണിക്കും.
സംരംഭങ്ങളുടെ വികസന ആവശ്യങ്ങൾ പരിഗണിച്ച് വിവിധ വിഭാഗങ്ങളിലായാണ് ധനസഹായം അനുവദിക്കുന്നത്. സംഭരണശാലകൾ, പ്രാഥമിക സംസ്കരണ യൂണിറ്റുകൾ, സോളാർ പാനലുകൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഊർജക്ഷമ സാങ്കേതികവിദ്യകൾ തുടങ്ങിയ ഹരിത നിക്ഷേപങ്ങൾക്ക് പദ്ധതി ചെലവിൻ്റെ 80 ശതമാനം വരെ ഗ്രാൻ്റ് ലഭിക്കും.
ദേശീയ-അന്തർദേശീയ നിലവാരത്തിലുള്ള സർട്ടിഫിക്കേഷനുകൾ, ബ്രാൻഡിംഗ്, വിപണി വികസനം, ട്രേഡ് ഫെയറുകൾ, എക്സ്പോകൾ എന്നിവയ്ക്കും 80 ശതമാനം വരെ ധനസഹായം അനുവദിക്കും. പുതിയ സാങ്കേതികവിദ്യകൾ, ഗുണനിലവാര നിയന്ത്രണം, കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ട നൈപുണ്യ പരിശീലനങ്ങൾക്ക് 60 ശതമാനവും അടിസ്ഥാന സൗകര്യ വികസനത്തിന് 40 ശതമാനവും ഗ്രാൻ്റ് ലഭിക്കും.
കാർഷികോൽപ്പന്നങ്ങളുടെ മൂല്യവർദ്ധനവിലൂടെ കർഷകർക്ക് കൂടുതൽ വിപണി അവസരങ്ങളും മികച്ച വിലയും ഉറപ്പാക്കുന്നതിനൊപ്പം സംസ്ഥാനത്തെ അഗ്രി-ഫുഡ് വ്യവസായ മേഖലയെ കൂടുതൽ സുസ്ഥിരവും ആധുനികവുമാക്കുന്നതിനുള്ള നിർണായക ഇടപെടലായിരിക്കും പദ്ധതി. പദ്ധതിയുടെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും വിവരങ്ങളും smartkera.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിനായി സജ്ജമാക്കിയിട്ടുള്ള ഔദ്യോഗിക അഗ്രി-എംഎസ്എംഇ പോർട്ടലായ smartkera.kerala.gov.in/msme വഴി സംരംഭകർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.