വോട്ടണ്ണെലിന് വിപുലമായ ക്രമീകരണങ്ങൾ 
KERALA

വോട്ടെണ്ണലിന് വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയാക്കി, 17565 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

സ്ട്രോങ് റൂം തുറക്കുന്നത് അടക്കമുള്ള നടപടികൾ പൂർണമായും ക്യാമറയിൽ ചിത്രീകരിക്കും.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ. വോട്ടെണ്ണലിനായി 44 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ ഏഴ് മണിയോടെ സ്ട്രോങ് റൂം തുറക്കും. സ്ട്രോങ് റൂം തുറക്കുന്നതടക്കമുള്ളത് പൂർണമായും ക്യാമറയിൽ ചിത്രീകരിക്കും.

വോട്ടെണ്ണലിനായി 17,565 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സുരക്ഷയ്ക്കായി 32,301 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. കൂടാതെ 20 കമ്പനി സിആർപിഎഫിനേയും വിന്യസിച്ചിട്ടുണ്ട്.

ഐഡി കാർഡ് ഉള്ളവർക്ക് മാത്രമായിരിക്കും കൗണ്ടിങ് സെൻ്ററിലേക്ക് പ്രവേശനം നൽകുക. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 8.30 ഓടെ ആദ്യഫലങ്ങൾ പുറത്തുവരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

ഇതുവരെ 79.63 ആണ് വോട്ടിങ് ശതമാനം. മെയ് 1 വരെ 20,028 സർവീസ് വോട്ടുകളാണ് എത്തിയതെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ആകെ 53,984 സർവീസുകളാണ് കിട്ടിയിട്ടുള്ളത്. പോളിങ് ശതമാനം 79.70 ശതമാനമായി ഉയർന്നു. ജില്ലാ ഭരണകൂടങ്ങളാവും വിജയാഘോഷ റാലികൾക്ക് അന്തിമ അനുമതി നൽകുകയെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.

അതേസമയം വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു, ഓരോ റൗണ്ടും കൃത്യമായി തന്നെ എണ്ണണം എന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. 5 മണിയോടെ തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ടം പിൻവലിച്ചിട്ടില്ലെന്നും മെയ് 6 വരെ നിലവിലുണ്ടെന്നും രത്തൻ യു.ഖേൽക്കർ വ്യക്തമാക്കി.

SCROLL FOR NEXT