KERALA

അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിട പറഞ്ഞ നേതാക്കൾക്കും അന്തിമോപചാരം അർപ്പിച്ച് നിയമസഭ

നിയമസഭയുടെ 14ാം സമ്മേളനം ഒക്‌ടോബർ 10 വരെയാണ് നടക്കുക

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ 14ാം സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച ജനനേതാക്കൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരം അർപ്പിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മുൻ സ്‌പീക്കർ പി.പി. തങ്കച്ചൻ, വാഴൂർ സോമൻ എംഎൽഎ എന്നിവരുടെ നിര്യാണത്തിൽ അന്തിമോപചാരം അർപ്പിച്ച ശേഷം ഇന്ന് സഭ പിരിയും.

കേരളത്തിന്റെ ആദരണീയനായ മുൻമുഖ്യമന്ത്രിയും സഭയിൽ ദീർഘകാലം അംഗവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ഓർണകൾക്കു മുമ്പിൽ സഭ ആദരാഞ്ജലികൾ അർപ്പിച്ചു. കേരളത്തിന്റെ സാമൂഹിക - രാഷ്ട്രീയ മുന്നേറ്റ ചരിത്രത്തിലെ ഒരു അധ്യായത്തിനാണ് വിഎസിൻ്റെ മരണത്തോടെ തിരശീല വീണിരിക്കുന്നത്. അദ്ദേഹം ഉയർത്തിപ്പിടിച്ച പ്രത്യയശാസ്ത്രവും അതിന്റെ പൂർത്തീകരണത്തിനായി അദ്ദേഹം നടത്തിയ ഇടപെടലുകളും കാലാതിവർത്തിയായി നിലകൊള്ളുമെന്നും തലമുറകൾക്കു പ്രചോദനവുമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിൽ അംഗമായിരുന്ന വാഴൂർ സോമന്റെ നിര്യാണത്തിലും അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനും ട്രേഡ് യൂണിയൻ രംഗത്തിനും നിയമസഭയ്ക്കും നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ദീർഘകാലം പ്രവർത്തിച്ചത്. തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കാനും അവയ്ക്ക് പരിഹാരം കാണുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും വേണ്ടിയാണ് വാഴൂർ സോമൻ പൊതുജീവിതത്തിന്റെ സിംഹഭാഗവും അദ്ദേഹം വിനിയോഗിച്ചതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

കേരള നിയമസഭയുടെ മുൻ സ്പീക്കറും സംസ്ഥാനത്തിന്റെ മുൻമന്ത്രിയും ഒക്കെയായിരുന്ന പി.പി. തങ്കച്ചൻ നിര്യാണത്തിലും സഭയിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. സഭയുടെ തന്നെ അധ്യക്ഷൻ എന്ന നിലയിലും നിയമസഭാ സാമാജികൻ എന്ന നിലയിലും സംസ്ഥാന മന്ത്രിസഭയിലെ അംഗമെന്ന നിലയിലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഈ സഭ നന്ദിയോടെ സ്മരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയുടെ 14ാം സമ്മേളനം ഒക്‌ടോബർ 10 വരെയാണ് നടക്കുക. 15 മുതൽ 19 വരെയും 29, 30നും ഒക്‌ടോബർ 6 മുതൽ 10 വരെയും മൂന്നുഘട്ടങ്ങളിലായാണ്‌ സമ്മേളനം. ആകെ 12 ദിവസമാണ് സഭ സമ്മേളിക്കുക. ഈ കാലയളവിൽ നാല് ബില്ലുകളാകും പരിഗണിക്കുക. ഇതിനു പുറമെ 13 ബില്ലുകൾ കൂടി വന്നേക്കും. ബില്ലിന് അംഗീകാരം നൽകാത്തത് ശരിയാണോ എന്ന് ഗവർണറിനോട് ചോദിക്കണമെന്ന് കഴിഞ്ഞ ദിവസം സ്പീക്കർ വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT