മഴമുന്നറിയിപ്പ് കേരളം Source; Social Media
KERALA

സംസ്ഥാനത്ത് ശക്തിപ്രാപിച്ച് തുലാവർഷം; ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിവിധ ഡാമുകളിൽ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി.

Author : ന്യൂസ് ഡെസ്ക്

തിരുവനനന്തപുരം; സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിവിധ ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിരിക്കുന്നു. കാസർഗോഡ്, കണ്ണൂർ , കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

മഴയ്‌ക്കൊപ്പം 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് . ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിവിധ ഡാമുകളിൽ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശക്തമായ മഴയിൽ ഇതിനോടകം തന്നെ വിവിധ ജില്ലകളിൽ വെള്ളക്കെട്ടുകളും മറ്റും രൂപപ്പെട്ടിട്ടുണ്ട്. ഡാമുകൾ ഷട്ടർ ഉയർത്തിയതിനാൽ നദികളിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. പലയിടത്തും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ഇടുക്കി കുമളിയിൽ രാത്രി‌ ശക്തമായ മഴ പെയ്തതിനെത്തുടർന്ന് ഒന്നാം മൈൽ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. പ്രദേശത്തെ കടകളിലും വീടുകളിലും വെള്ളം കയറി. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ കൊച്ചി നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. റെയിൽവേ സ്റ്റേഷൻ റോഡിലും സമീപത്തെ ഇട റോഡുകളിലും കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിലും വെള്ളം കയറി.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.

* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.

* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.

* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.

* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിർദേശങ്ങൾ

* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക

* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

SCROLL FOR NEXT