തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ ശക്തമാകാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദം. കേരളത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ മഴ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.15 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം കോഴിക്കോട് പേരാമ്പ്രയിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം ഉണ്ടായി. ശക്തമായ കാറ്റിൽ ബൈപാസിൽ നിർത്തിയിട്ട കാറുകൾക്ക് മുകളിൽ തണൽമരം വീണ് ഗതാഗതം തടസപ്പെട്ടു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പേരാമ്പ്ര ടൗണിൽ ബോർഡുകൾ റോഡിലേക്ക് വീണു. നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ വീണും നാശനഷ്ടമുണ്ടായി.