Source: News Malayalam 24X7
KERALA

"വെനസ്വേലയിൽ അമേരിക്ക നടത്തിയത് നികൃഷ്ടമായ കടന്നുകയറ്റം, നാളെ ഏത് രാജ്യത്തും ഇത് സംഭവിക്കാം, ജനാധിപത്യ വിശ്വാസികളുടെ ശബ്ദം ഉയരണം": മുഖ്യമന്ത്രി

സിഐഎയുടെ പേരിൽ പണ്ട് ഫണ്ട് വാങ്ങിയതിൽ മാധ്യമങ്ങളും ഉണ്ടായിരുന്നു. അവരുടെ പ്രേതങ്ങൾ ഇപ്പോഴും ഉണ്ട്. യുഎസ് നടപടിയിൽ മധുരം പുരട്ടാനാണ് അത്തരം മാധ്യമങ്ങൾ ശ്രമിക്കുന്നത്.

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: വെനസ്വേലയിലെ അമേരിക്കൻ അട്ടിമറിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്ക നടത്തിയത് നികൃഷ്ടമായ കടന്നുകയറ്റം. നാളെ ഏത് രാജ്യത്തും ഇത് സംഭവിക്കാം. അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ ചരിത്രം മനുഷ്യ കുരുതിയുടേതാണ്. ലക്ഷക്കണക്കിന് പേരെയാണ് അവർ കൊന്നൊടുക്കിയത്. മനുഷ്യാവകാശങ്ങളെ വെല്ലുവിളിച്ച് തങ്ങളാഗ്രഹിക്കുന്ന ഭരണമാറ്റത്തിന് അതിക്രൂരമായ ആക്രമണം നടത്താൻ അമേരിക്ക മടിക്കുന്നില്ല. ഇത് നമ്മളെയാകെ ആശങ്കപ്പെടുത്തുന്ന വിഷയമാണ് ഇതിനെതിരെ ജനാധിപത്യ വിശ്വാസികളുടെ ശബ്ദം ഉയരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യാന്തര പിന്തുണയ്ക്ക് വെനസ്വേലയ്ക്കും അവകാശമുണ്ട്. എന്നാൽ അമേരിക്കൻ വിധേയത്വം പ്രകടിപ്പിക്കാനുള്ള തൊരയാണ് കേന്ദ്ര സർക്കാരിനെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അമേരിക്കൻ നടപടിയെ നിസാരവത്കരിക്കുകയാണ് അവർ ചെയ്തത്. പ്രതിഷേധിക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ അമേരിക്കയുടെ പേര് പോലും പരാമർശിച്ചിട്ടില്ല. കോൺഗ്രസും അതേ പാതയിലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സിഐഎയുടെ പേരിൽ പണ്ട് ഫണ്ട് വാങ്ങിയതിൽ മാധ്യമങ്ങളും ഉണ്ടായിരുന്നു. അവരുടെ പ്രേതങ്ങൾ ഇപ്പോഴും ഉണ്ട്. യുഎസ് നടപടിയിൽ മധുരം പുരട്ടാനാണ് അത്തരം മാധ്യമങ്ങൾ ശ്രമിക്കുന്നത്. ട്രംപിന്റെ പേരിൽ തെലുങ്കാനയിൽ റോഡ് ഉണ്ടാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെ കരിവാരിത്തേയ്ക്കുന്ന വാർത്തകളിലും അമേരിക്കൻ ഭീകരതയെ സ്വാഭാവിക വത്ക്കരിക്കുന്നതും അതേ രീതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്കെതിരായ രാഷ്ട്രീയ ലക്ഷ്യമാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

SCROLL FOR NEXT