ഇടുക്കി: വി.ഡി. സതീശൻ മന്ത്രിസഭയിൽ രണ്ടാം മന്ത്രിസ്ഥാനത്തിനായി നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. രണ്ടാം മന്ത്രിസ്ഥാനം ഇല്ലെങ്കിൽ സുപ്രധാന വകുപ്പ് നൽകണമെന്നാണ് ആവശ്യം. പൊതുമരാമത്ത് വകുപ്പ് ഇല്ലെങ്കിൽ ജലവിഭവ വകുപ്പ് എങ്കിലും വേണമെന്നാണ് ആവശ്യം.
തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം 8 സീറ്റിലാണ് മത്സരിച്ചത്, ഇതിൽ 7 സീറ്റിൽ വിജയിച്ചു. 7 സീറ്റിൽ വിജയിച്ചത് ചെറിയ കാര്യമല്ല, അതിനാൽ പാർട്ടിക്ക് രണ്ട് മന്ത്രിമാരെ ആവശ്യപ്പെടാനുള്ള അർഹതയുണ്ടെന്നാണ് ജോസഫ് വിഭാഗത്തിൻ്റെ വാദം.
ഒരു സീറ്റിൽ വിജയിച്ച ഘടകകക്ഷികൾക്ക് പോലും മന്ത്രിസ്ഥാനം നൽകുമ്പോൾ, രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാനുള്ള യോഗ്യതയുണ്ടെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ നിലപാട്. ഉഭയകക്ഷി ചർച്ചയുടെ തുടക്കത്തിൽ ജോസഫ് വിഭാഗം റവന്യൂ വകുപ്പാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് നൽകാനാവില്ലെന്നാണ് കോൺഗ്രസ് നിലപാട്. എന്നാൽ ഇന്നലെ നടന്ന ചർച്ചയിൽ പൊതുമരാമത്ത് വകുപ്പ് വേണമെന്ന ആവശ്യം ജോസഫ് വിഭാഗം ആവശ്യപ്പെടുകയായിരുന്നു.
പൊതുമരാമത്ത് ലീഗിൻ്റേതാണെന്നും അത് നൽകാനാവില്ലെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലംതൊട്ട് പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്നത് ലീഗാണ്. പൊതുമരാമത്ത് ഇല്ലെങ്കിൽ ജലവിഭവ വകുപ്പ് വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ജോസഫ് വിഭാഗം.
ഒരു മന്ത്രിസ്ഥാനവും, ചീഫ് വിപ്പ് സ്ഥാനവും നൽകാമെന്നാണ് തുടക്കത്തിൽ നേതൃത്വം അറിയിച്ചിരുന്നത്. ഇതിനിടെയാണ് രണ്ട് മന്ത്രിമാർ എന്ന കടുംപിടിത്തവുമായി ജോസഫ് വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്.