തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ പൂർണ പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. നാളെ രണ്ട് മണിക്ക് പട്ടിക ഗവർണർക്ക് കൈമാറും. നാളെയും ചർച്ചകൾ തുടരുമെന്നും ദീപാ ദാസ് മുൻഷി അറിയിച്ചു. തിങ്കളാഴ്ചയാണ് പൂര്‍ണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്നത്.
കോൺഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക തയ്യറാക്കാനായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ, കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, ദീപ ദാസ് മുൻഷി എന്നിവർ കെപിസിസി ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, എം.കെ. മുനീർ എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
മന്ത്രിസഭയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്നെ ധനവകുപ്പും കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തരം മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് നല്‍കാന്‍ ധാരണയായി. ചെന്നിത്തലയെ കൂടാതെ കോൺഗ്രസിലെ ഏഴ് പേർ വി.ഡി. മന്ത്രിസഭയിൽ ഉണ്ടാകും. സണ്ണി ജോസഫും കെ. മുരളീധരനും എ.പി. അനിൽകുമാറും മന്ത്രിമാരാകും. ചാണ്ടി ഉമ്മനും പി.സി. വിഷ്ണുനാഥും, എം. ലിജുവും പുതുമുഖങ്ങളായി മന്ത്രി സഭയിലെത്തും. ബിന്ദു കൃഷ്ണയ്ക്കും കന്നി അവസരം ലഭിക്കും.
മന്ത്രിസഭയിൽ മുസ്ലീം ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാരുണ്ടാകുമെന്നും ധാരണയുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുള്ള എന്നിവർ മന്ത്രി സ്ഥാനത്തേക്ക് എത്താൻ സാധ്യതയുണ്ട്. എന്നാൽ, മുതിർന്ന നേതാവ് പി.കെ. ബഷീറിനെ ഒഴിവാക്കി. മൂന്ന് പേർ ഒരേ ജില്ലയിൽ നിന്ന് വന്നേക്കുമെന്ന കാരണത്താലാണ് ബഷീറിനെ ഒഴിവാക്കിയത്.