വി. ശിവൻകുട്ടി Source: News Malayalam 24x7
KERALA

"സ്കൂളുകളിൽ എല്ലാ മാസവും ക്ലാസ് ടെസ്റ്റ് നടത്തും, സൂംബ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് 12 രാജ്യങ്ങളിൽ ചർച്ചയായി"

വെള്ളിയാഴ്ചകളിൽ മതപരമായ ചടങ്ങുകൾക്ക് പോകുന്നതിന് വിലക്ക് എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Author : ന്യൂസ് ഡെസ്ക്

സ്കൂളുകളിൽ എല്ലാ മാസവും ക്ലാസ് ടെസ്റ്റുകൾ നിർബന്ധമായി നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളുടെ പഠന നിലവാരം വിലയിരുത്തുന്നതിനാണ് ഈ നടപടിയെന്നും മന്ത്രി വിശദീകരിച്ചു. ഭക്ഷണം നൽകുന്നതിനായി സ്കൂളുകൾ സപ്പോർട്ടിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി.

വെള്ളിയാഴ്ചകളിൽ മതപരമായ ചടങ്ങുകൾക്ക് പോകുന്നതിന് വിലക്ക് എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി. കുപ്രചരണത്തിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂളുകളിലെ സൂംബാ വിവാദത്തിൽ അധ്യാപകനെതിരെയുള്ള നടപടി എന്ന വാർത്തയോടും മന്ത്രി പ്രതികരിച്ചു. സ്കൂൾ മാനേജറാണ് തീരുമാനം എടുത്തതെന്നും സർക്കാരല്ലെന്നും മന്ത്രി വി. ശിവൻകുട്ടി വിശദീകരിച്ചു. കേരളത്തിൽ സൂംബ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് 12 രാജ്യങ്ങളിലെ ദിനപത്രങ്ങളിൽ ചർച്ചയായെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

അതേസമയം, മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഭാരതാംബ വിഷയത്തിൽ ഗവർണറേയും മന്ത്രി വി. ശിവൻകുട്ടി ട്രോളി. പത്താം തീയതി ഗവർണറുമൊന്നിച്ച് വീണ്ടും പരിപാടിയുണ്ടെന്നും അന്ന് ഭാരതാംബ ചിത്രവുമായി എത്തുമോയെന്ന് അറിയില്ലെന്നും മന്ത്രി പരിഹസിച്ചു.

SCROLL FOR NEXT