സംസ്ഥാനത്തെ ട്യൂഷൻ സെൻ്ററുകളുടെ എണ്ണം കുറയ്ക്കും, കുട്ടികൾക്ക് കളിക്കാനും പത്രം വായിക്കാനും സമയമില്ല: മന്ത്രി വി. ശിവൻകുട്ടി

അതേസമയം സംസ്ഥാനത്തെ സ്കൂൾ സമയം വർധിപ്പിച്ചതിനെതിരെ നിലവിൽ ആരും പരാതി നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി
v sivankutty Against tution centers
വിദ്യാർഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞുSource: Facebook/ V. Sivankutty
Published on

സംസ്ഥാനത്തെ ട്യൂഷൻ സെന്ററുകളുടെ എണ്ണം കുറയ്ക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാനാണ് തീരുമാനം. എൻട്രൻസ് കോച്ചിംഗ് സെന്ററുകളിലടക്കം നടക്കുന്ന വിദ്യാഭ്യാസ കച്ചവടം അനുവദിക്കാൻ കഴിയുന്നതല്ലെന്നും മന്ത്രി പറഞ്ഞു. പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലഹരിബോധന പുസ്തകങ്ങൾ കുട്ടികളിലേക്ക് എത്തിക്കാനുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കൂളിന് പിന്നാലെ ട്യൂഷൻ സെൻ്ററുകളിൽ കൂടി പോകുന്ന കുട്ടികൾക്ക് കളിക്കാനും പത്രം വായിക്കാനും സമയം ലഭിക്കുന്നില്ലെന്ന് വി. ശിവൻകുട്ടി പറഞ്ഞു. ഇത്തരം വിദ്യാഭ്യാസ കച്ചവടം അനുവദിക്കാൻ കഴിയില്ല. സർക്കാർ സ്‌കൂളുകളിലെ അധ്യാപകർ നല്ല കഴിവുള്ളവരാണ്. കുട്ടികളെ ട്യൂഷന് വിട്ടേ മതിയാകൂ എന്ന നിർബന്ധമാണ് ചില രക്ഷിതാക്കൾക്ക്. പഠിക്കുന്ന കുട്ടികൾക്ക് ലക്ഷങ്ങൾ മുടക്കി കോച്ചിങ്ങിന് പോകേണ്ട കാര്യമില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

v sivankutty Against tution centers
സംസ്ഥാനത്ത് സ്കൂള്‍ പ്രവൃത്തി സമയം വര്‍ധിപ്പിച്ചു; ഹൈസ്കൂള്‍ വിഭാഗത്തിന് ആറ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസം

എന്നാൽ ട്യൂഷൻ സെൻ്ററുകളുടെ എണ്ണം പരിമിതപ്പെടുത്തുക എന്നത് തൻ്റെ ആശയം മാത്രമാണെന്ന് പറഞ്ഞ ശിവൻകുട്ടി, മുഖ്യമന്ത്രിയും മന്ത്രിസഭായോഗവുമാണ് തീരുമാനമെടുക്കേണ്ടതെന്നും കൂട്ടിച്ചേർത്തു. ഫീസ് സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ലക്ഷങ്ങളാണ് എൻട്രൻസ് കോച്ചിംഗ് സെന്ററുകൾ കുട്ടികളിൽ നിന്ന് ഈടാക്കുന്നത്. ഈ മേഖലയിൽ നിരവധി പ്രശ്നങ്ങളുണ്ടെന്നും, അവ പിന്നീട് ചർച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ സ്കൂൾ സമയം വർധിപ്പിച്ചതിനെതിരെ നിലവിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. നടപടിയിൽ പ്രായോഗിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരാതിയായി സർക്കാരിനെ അറിയിക്കട്ടെയെന്നും പരാതി ലഭിച്ചാൽ ചർച്ച ചെയ്യാമെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com