KERALA

പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സമീപനവുമായി സർക്കാർ; കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് നടപ്പാക്കും

സംസ്ഥാനത്തുണ്ടാകുന്ന തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ വിവിധ തരം പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശാസ്ത്രീയമായ മുന്നൊരുക്കങ്ങളാണ് വിദഗ്ധ സംഘം നിര്‍ദ്ദേശിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും കേരളത്തിലുണ്ടാക്കുന്ന മഴക്കെടുതിയും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ 'കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്' (Kerala Flood Resilience Initiative) നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഐഐടികളിലെ വിദഗ്ധര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിനുതന്നെ മാതൃകയാകുന്ന വിധത്തില്‍ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികച്ച പ്രളയ പ്രതിരോധ സംവിധാനം സംബന്ധിച്ച സമഗ്ര രൂപരേഖ ഐ.ഐ.ടി റൂര്‍ക്കി, ഐ.ഐ.ടി പാലക്കാട്, ഐഐഐടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ സംഘം മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.

സംസ്ഥാനത്തുണ്ടാകുന്ന തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ വിവിധ തരം പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശാസ്ത്രീയമായ മുന്നൊരുക്കങ്ങളാണ് വിദഗ്ധ സംഘം നിര്‍ദ്ദേശിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, റിമോട്ട് സെന്‍സിംഗ്, ഹൈഡ്രോഡൈനാമിക് മോഡലിംഗ്, കൃത്യതയാര്‍ന്ന മഴ പ്രവചന സംവിധാനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പ്രളയ സാധ്യതയുള്ള പ്രദേശങ്ങള്‍ നേരത്തെ കണ്ടെത്താനും കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും പദ്ധതി വഴി സാധിക്കും. പുഴകള്‍, തടാകങ്ങള്‍, കായലുകള്‍ എന്നിവയിലെ എക്കലും മണ്ണും നീക്കം ചെയ്യുന്ന നടപടികള്‍ പ്രകൃതിയെയും ജലത്തിന്റെ ഒഴുക്കിനെയും എങ്ങനെ ബാധിക്കുമെന്നത് ശാസ്ത്രീയമായി പഠിച്ച ശേഷമേ നടപ്പാക്കാവൂ എന്നും ഐഐടി സംഘം ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ സാങ്കേതിക പ്രായോഗികതയും സാമ്പത്തിക ബാധ്യതകളും, നടപ്പാക്കല്‍ രീതികളും സംബന്ധിച്ച് വിശദമായി പരിശോധിക്കാന്‍ ജലവിഭവ വകുപ്പിനും ദുരന്തനിവാരണ വകുപ്പിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഇരു വകുപ്പുകളും സംയുക്തമായി വിഷയം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നതിലെ തുടര്‍നടപടികള്‍ സ്വീകരിക്കുക. ഉന്നതതല യോഗത്തില്‍ റവന്യൂ മന്ത്രി എ.പി. അനില്‍ കുമാര്‍, പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, ജലവിഭവ മന്ത്രി മോന്‍സ് ജോസഫ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുത്തു.

SCROLL FOR NEXT