തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് സുപ്രീം കോടതിയെ അറിയിച്ച് സർക്കാർ. ഹിന്ദുമത പണ്ഡിതരും സാമൂഹിക പരിഷ്‌കർത്താക്കളും അടങ്ങുന്ന കമ്മീഷനെ നിയോഗിച്ച് അഭിപ്രായം കേട്ട ശേഷം നിലപാടെടുക്കണം എന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. 17 പേജടങ്ങുന്ന സത്യവാങ്മൂലമാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്.
സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനം അല്ലെന്നാണ് സര്‍ക്കാരിൻ്റെ വാദം. ബന്ധപ്പെട്ട മതപണ്ഡിതരുടെയും അഭിപ്രായം കോടതി സ്വീകരിക്കണമെന്നും തുടര്‍ന്ന് കോടതി സ്വതന്ത്രമായ തീരുമാനമെടുക്കണമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
മതപരമായ ആചാരങ്ങളിൽ ഇടപെടാനാവില്ലെന്ന് കോടതി അറിയിച്ചു. നരബലി പോലെയുള്ള കടുത്ത മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ മാത്രം ഇടപെടാം. മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായാൽ മാത്രമേ ഇടപെടൽ സാധ്യമാകൂ. ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാകരുത്. അനുച്ഛേദം 25 പ്രകാരമുള്ള വിശ്വാസ സ്വാതന്ത്ര്യം നിരുപാധികമല്ല. എണ്ണത്തിൽ ഏറ്റവും കുറഞ്ഞ സമൂഹത്തിൻ്റെ വിശ്വാസ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി.
മതാചാരങ്ങളില്‍ മനുഷ്യയുക്തിക്ക് അനുസരിച്ചല്ല തീരുമാനമെടുക്കേണ്ടത്. ബൗദ്ധികത മുന്‍നിര്‍ത്തിയും കോടതി തീരുമാനമെടുക്കരുത്. ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ ഹിന്ദുമതത്തിലെ സ്ത്രീകള്‍ തന്നെ എതിര്‍ത്തു. 2007ലെ സത്യവാങ്മൂലത്തെ സാധൂകരിക്കുന്നതാണ് ഭക്തരായ സ്ത്രീകളുടെ പ്രതികരണം എന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു.
വിഎസ് സര്‍ക്കാരിൻ്റെ സത്യവാങ്മൂലത്തിലെ നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. അനിവാര്യ മതാചാരങ്ങളില്‍ തീരുമാനമെടുക്കേണ്ടത് മതപണ്ഡിതരാണ്. ശബരിമല സ്ത്രീപ്രവേശന ആവശ്യത്തില്‍ പൊതുതാല്‍പര്യമില്ലെന്നും പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ തീരുമാനം എടുക്കാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി.
യുക്തിയുടെയോ വികാരത്തിൻ്റെയോ അടിസ്ഥാനത്തില്ല വിശ്വാസം പരിശോധിക്കേണ്ടത്. വിശ്വാസം ആത്മാര്‍ഥമായി പുലര്‍ത്തുന്നതാണോ എന്നാണ് പരിശോധിക്കേണ്ടത്. മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനാണ് പൊതുതാല്‍പര്യ ഹര്‍ജി. മതവിഭാഗത്തിൻ്റെ ആഭ്യന്തര ആചാരങ്ങള്‍ പുറത്ത് നിന്നുള്ളവര്‍ക്ക് ചോദ്യം ചെയ്യാനാവില്ല.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.