കേരളാ ഗവർണർ രാജേന്ദ്ര അർലേക്കർ  Source: Facebook/ Rajendra Arlekar
KERALA

"ഗുരുപൂജ മണ്ണിൻ്റെയും രാജ്യത്തിൻ്റെയും സംസ്കാരം"; സ്‌കൂളുകളിലെ പാദപൂജയെ ന്യായീകരിച്ച് ഗവർണർ

നമ്മുടെ സംസ്കാരത്തെ മറക്കുന്നത് ആത്മാവിനെ മറക്കുന്നതിന് തുല്യമാണെന്നും ഗവർണർ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

സ്‌കൂളുകളിൽ ഗുരുപൂജ നടത്തിയതിനെ ന്യായീകരിച്ച് കേരളാ ഗവർണർ രാജേന്ദ്ര അർലേക്കർ. ഗുരുപൂജ നമ്മുടെ സംസ്കാരമാണെന്നും അതിനെ എതിർക്കുന്നവർ ഏത് സംസ്കാരത്തിൽ നിന്നാണ് വരുന്നതെന്നും ഗവർണർ ചോദിച്ചു.

ഈ മണ്ണിൻ്റെയും രാജ്യത്തിൻ്റെയും സംസ്കാരമാണത്. നമ്മുടെ സംസ്കാരത്തെ മറക്കുന്നത് ആത്മാവിനെ മറക്കുന്നതിന് തുല്യമാണെന്നും ഗവർണർ പറഞ്ഞു. നമ്മുടെ കുട്ടികളെ നമുക്ക് കുറ്റപ്പെടുത്താനാകില്ല. എന്തെന്നു വെച്ചാൽ ശരിയായ സംസ്കാരം പഠിപ്പിച്ചു കൊടുത്തില്ലെങ്കിൽ നമ്മൾ നമ്മളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ഗവർണർ വ്യക്തമാക്കി.

ബാലഗോകുലം അമ്പതാമത് വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു ഗവർണർ. മലയാളത്തിലാണ് ഗവർണർ വേദിയെ അഭിസംബോധന ചെയ്തത്. ബാലഗോകുലം സംസ്ഥാനത്ത് വടവൃക്ഷമായി മാറിയെന്നും മുൻകാല പ്രവർത്തകരുടെ കഠിനാധ്വാനം മൂലമാണിതെന്നും ഗവർണർ ഓർമപ്പെടുത്തി.

പുതിയ തലമുറയ്ക്ക് പല സംസ്കാരങ്ങളും അറിയില്ലെന്നും പക്ഷേ ബാലഗോകുലം അത് തിരുത്താൻ ശ്രമിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. പുതിയ തലമുറയ്ക്ക് നമ്മുടെ സംസ്കാരം പഠിപ്പിച്ച് നൽകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ സംസ്കാരം എല്ലാ സംസ്ഥാനങ്ങളിലേക്കും പകരണം. സ്‌കൂളുകളിൽ പോകുന്ന വിദ്യാർഥികൾ എന്താണ് ഗുരുപൂജയുടെ പ്രാധാന്യമെന്ന് മനസിലാക്കണം. അത് മനസിലാക്കാത്തവർ അത് വേണ്ട എന്ന് പറഞ്ഞു പോകുമെന്നും ഗവർണർ പറഞ്ഞു.

അതേസമയം, വിദ്യാലയങ്ങളിലെ പാദപൂജ മതനിരപേക്ഷ ഉള്ളടക്കത്തെയും ജനാധിപത്യ അവബോധത്തെയും തകർക്കുന്നുവെന്ന് സിപിഐഎം സംസ്ഥന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു.

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ച സംഭവത്തിൽ പ്രതകരിച്ച് സിപിഐഎം സംസ്ഥന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിദ്യാലയങ്ങളിലെ പാദപൂജ തനിരപേക്ഷ ഉള്ളടക്കത്തെയും ജനാധിപത്യ അവബോധത്തെയും തകർക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

അടിമത്ത മനോഭാവം ആദരിക്കുന്നതിൻ്റെ പേരിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് തമസ്ക്കരിച്ച ചാതുർവർണ്യ വ്യവസ്ഥയുടെ ഭാഗമായുള്ള ആചാര രീതി തിരിച്ചു കൊണ്ടുവരാനാണ് സംഘപരിവാർ ശ്രമമെന്നും ഇക്കാര്യങ്ങൾക്കെല്ലാം യുഡിഎഫിൻ്റെ പരിപൂർണ പിന്തുണയുണ്ടെന്നും ഏത് കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തിയെയും ഉപയോഗപ്പെടുത്താനാണ് യുഡിഎഫ് ശ്രമമെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

കുട്ടികളിൽ അടിമത്വ മനോഭാവം അടിച്ചേൽൽപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. അധ്യാപകനെ ബഹുമാനിക്കണം എന്ന കാര്യത്തിൽ തർക്കമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

അധ്യാപകരുടെ പാദപൂജ ചടങ്ങിനെ ചൊല്ലി കെഎസ്‌യു മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള ഇത്തരം സ്കൂളുകൾക്കെതിരെ നടപടി വേണമെന്ന ആവശ്യമെന്നാണ് കെഎസ്‌യു ആവശ്യപ്പെടുന്നത്. പാദപൂജ സാക്ഷരകേരളത്തിന് അപമാനമാണ്. വിദ്യാർഥികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത സംഭവമെന്നും കെഎസ‌്‌യു പരാതിയിൽ വ്യക്തമാക്കി.

SCROLL FOR NEXT