KERALA

ശബരിമല സ്വർണക്കൊള്ള: എസ്ഐടി അന്വേഷണത്തിന് ഒരു മാസം കൂടി സമയം നൽകി ഹൈക്കോടതി

സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി. അതേസമയം അന്വേഷണത്തിന് ഹൈക്കോടതി ഒരു മാസം കൂടി സമയം നീട്ടി നൽകിയിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്.. സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് എല്ലാവർക്കും പങ്കുണ്ടെന്നുമാണ് പത്മകുമാറിന്റെ വാദം.

മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമാരായ എ. പത്മകുമാർ, എൻ. വാസു ഉൾപ്പെടെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ശബരിമല സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷ ഡിസംബർ 8ന് പരിഗണിക്കും. പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി എസ്ഐടിയുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷ പരിഗണിക്കുക എന്ന് വിജിലൻസ് കോടതി അറിയിച്ചു.

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിന് കൂട്ടുത്തരവാദിത്വം ഉണ്ട് എന്നതാണ് പത്മകുമാർ ജാമ്യപേക്ഷയിൽ പറയുന്നത്. ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥർ പിച്ചള എന്നെഴുതിയപ്പോൾ ഞാനാണ് ചെമ്പ് എന്ന് മാറ്റിയത്. പാളികൾ ചെമ്പ് ഉപയോഗിച്ച് നിർമിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT