പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്ന് അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. ഞാൻ മാത്രം എങ്ങനെ പ്രതിയാകും? ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥർ പിച്ചള എന്നെഴുതിയപ്പോൾ ഞാനാണ് ചെമ്പ് എന്ന് മാറ്റിയത്. പാളികൾ ചെമ്പ് ഉപയോഗിച്ച് നിർമിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വാദം. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി നാളെ പരിഗണിക്കും.
ഉദ്യോഗസ്ഥർ പിച്ചള എന്നെഴുതിയപ്പോൾ താൻ മാറ്റിയാണ് ചെമ്പെന്ന് രേഖപ്പെടുത്തിയത്. ചെമ്പ് ഉപയോഗിച്ചാണ് പാളികൾ നിർമിച്ചത് എന്നതിനാലാണ് തിരുത്തിയത്. വീഴ്ചയുണ്ടെങ്കിൽ അംഗങ്ങൾക്ക് പിന്നീടും ചൂണ്ടിക്കാണിക്കാം. സ്വർണക്കവർച്ചയിൽ പങ്കില്ലെന്നും വാദം എ. പത്മകുമാറിൻ്റെ വാദം. ജാമ്യാപേക്ഷയിലാണ് പത്മകുമാറിന്റെ വാദങ്ങൾ.
ശബരിമല സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിനെ റിമാൻഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. കേസിൽ തന്ത്രിമാർക്കെതിരെ എ.പത്മകുമാറിന്റ നിർണായക മൊഴി എസ്ഐടി രേഖപ്പെടുത്തി. തന്ത്രി കണ്ഠരര് രാജീവരുടെ അറിവോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയതെന്നാണ് പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴി. സ്വർണം പൂശാനായി ചെന്നൈയിലേക്ക് കൊടുത്തുവിടുന്നതിന് തന്ത്രിമാർ അനുമതി നൽകിയിരുന്നെന്നും പത്മകുമാർ പറഞ്ഞു.