KERALA

"ദേവസ്വം ബോർഡ് അംഗം ആശുപത്രിയിൽ പോയി കിടക്കുന്നു, ഇങ്ങനെയാണോ പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നത് ?"; ശങ്കരദാസിനെതിരെ ഹൈക്കോടതി

കൊല്ലം വിജിലൻസ് കോടതിയിൽ ചിത്രം സഹിതം വിശദീകരണം നൽകിയ ദിവസം തന്നെയാണ് ഹൈക്കോടതിയുടെ വിമർശനം

Author : പ്രണീത എന്‍.ഇ

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ പ്രതി ശങ്കരദാസിനെ വിമർശിച്ച് ഹൈക്കോടതി. ദേവസ്വം ബോർഡ് അംഗം ആശുപത്രിയിൽ പോയി കിടക്കുകയാണെന്നും പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നത് ഇങ്ങനെയാണോയെന്നും ഹൈക്കോടതി ചോദിച്ചു. കൊല്ലം വിജിലൻസ് കോടതിയിൽ ചിത്രം സഹിതം വിശദീകരണം നൽകിയ ദിവസം തന്നെയാണ് ഹൈക്കോടതിയുടെ വിമർശനം.

ശങ്കരദാസ് അബോധാവസ്ഥയിൽ കിടക്കുകയാണെന്നായിരുന്നു അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ശങ്കര ദാസിൻ്റെ ആശുപത്രി കിടക്കയിലുള്ള ചിത്രങ്ങളും അഭിഭാഷകൻ കോടതിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. പിന്നാലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊല്ലം വിജിലൻസ് കോടതി 14ലേക്ക് മാറ്റി. കൂടുതൽ മെഡിക്കൽ രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ദേവസ്വം ബോർഡിനെയും എ. പത്മകുമാറിനെയും ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ എല്ലാം ഏൽപ്പിച്ച ദേവസ്വം ബോർഡിന് എന്താണ് പണിയെന്ന് കോടതി ചോദിച്ചു. എ. പത്മകുമാർ ഉത്തരവാദിത്തം കാണിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമർശനം. ജസ്റ്റിസ് എ ബദറുദിന്റെ ബെഞ്ചാണ് ജാമ്യ ഹർജികൾ പരിഗണിക്കുന്നത്.

കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരി​ഗണിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ, ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ വിമർശനം. മൂന്ന് പേർക്കും സ്വർണക്കൊള്ളയിൽ മുഖ്യപങ്കുണ്ടെന്നാണ് എസ്ഐടി കണ്ടെത്തൽ. ജാമ്യഹർജിയെ എതിർത്ത് എസ്ഐടി സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

അതേസമയം, റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ കസ്റ്റഡിയിൽ വാങ്ങാനായി എസ്ഐടി ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. ശബരിമല സ്വർണക്കൊള്ള കേസിൽ 13ാം പ്രതിയാണ് തന്ത്രി കണ്ഠരര് രാജീവര്. രാജീവരും ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും അടുത്ത സുഹൃത്തുക്കളാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

പോറ്റിയും തന്ത്രിയും തമ്മിലുള്ള ബന്ധത്തിന് എസ്‌ഐടിക്ക് തെളിവ് ലഭിച്ചിരുന്നു. 2018 മുതല്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും കണ്ഠരര് രാജീവരാണ്. കേസിലെ മറ്റൊരു പ്രതിയായ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധന്റെ ജുവല്ലറിയുടെ ഉദ്ഘാടനത്തിന് പ്രത്യേക പൂജ നടത്താനായി പോയതും കണ്ഠരര് രാജീവരുടെ ബന്ധുവും ഇപ്പോഴത്തെ ശബരിമല തന്ത്രിയുമായ കണ്ഠരര് മോഹനര് ആണ്.

സ്വര്‍ണ്ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തതും തന്ത്രിയാണ്. എ. പത്മകുമാറും കണ്ഠരര് രാജീവരും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും അറിഞ്ഞുകൊണ്ട് നടത്തിയ കൊള്ളയാണ് ശബരിമലയിലേത് എന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഉണ്ണിക്കൃഷ്ണന്‍ പോറ്റി, മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, സ്മാര്‍ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ധന്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍, മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍, കണ്ഠരര് രാജീവര് തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍.

SCROLL FOR NEXT