കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം. വർഗീസിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് അതിജീവിതയുടെ അഭിഭാഷകയായിരുന്ന ടി.ബി. മിനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹർജി പരിഗണിച്ചത്.
നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ ഘട്ടത്തിൽ താൻ 10 ദിവസത്തിൽ താഴെ മാത്രമാണ് എത്തിയതെന്നും, കോടതിയിലിരുന്ന് ഉറങ്ങുകയായിരുന്നു എന്നും ജഡ്ജി ഹണി എം. വർഗീസ് അധിക്ഷേപകരമായി സംസാരിച്ചത് കോടതിയലക്ഷ്യം ആണെന്നായിരുന്നു ഹർജിക്കാരിയുടെ വാദം.
മാധ്യമങ്ങൾ ഇതിന് വലിയ പ്രചാരണം നൽകിയതോടെ ഹർജിക്കാരിയുടെ തൊഴിലിനെ തന്നെ ബാധിച്ചു. അതിനാൽ ജഡ്ജിക്കെതിരേ കോടതി അലക്ഷ്യത്തിന് ഉത്തരവിടണമെന്നും പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കാൻ നിർദ്ദേശിക്കണമെന്നും ആയിരുന്നു ഹർജിക്കാരിയുടെ ആവശ്യം.