

തിരുവനന്തപുരം: ചാലയിലെ സ്വർണ്ണ കവർച്ച കേസിൽ മാളവിക ജ്വല്ലറി ഉടമ ജയറാമിന് കൂടുതൽ കുരുക്ക് മുറുകുന്നു. ജയറാമിനെതിരെ പൊലീസ് സാമ്പത്തിക തട്ടിപ്പ് കേസെടുത്തു. മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വർണം വാങ്ങിയ ശേഷം പണം നൽകാതെയായിരുന്നു ജയറാമിൻ്റെ തട്ടിപ്പുകൾ.
ഇയാൾക്കെതിരെ പരാതി പെരുമഴയാണ് കാണാനാകുന്നത്. ജയറാമിനെതിരെ ഇതുവരെ 40 ഓളം പരാതികൾ ലഭിച്ചിട്ടുണ്ട്. പരാതി ഉയരുന്നതോടെ പണം നൽകി കേസിൽ നിന്ന് തടിയൂരുന്നതാണ് പതിവ്. കവർച്ചയുടെ ഗൂഢാലോചനയിൽ ജയറാമിൻ്റെ പങ്കിൽ അന്വേഷണസംഘം കൂടുതൽ തെളിവ് തേടുകയാണ്.
ചാലയിലെ സ്വർണ്ണ കവർച്ചക്കേസിൻ്റെ മുഖ്യ ആസൂത്രകൻ ജയറാം സ്ഥിരം പ്രശ്നക്കാരൻ ആണെന്നും കണ്ടെത്തി. പരാതിക്കാർക്ക് നേരെ ജയറാമിൻ്റെ കയ്യേറ്റ ശ്രമവും അസഭ്യ വർഷവും ഉണ്ടായിരുന്നു. പണം ആവശ്യപ്പെട്ട് ഷോപ്പിൽ എത്തിയവരോടാണ് മാളവിക ജ്വല്ലറി ഉടമയായ ജയറാമിൻ്റെ പരാക്രമം.
സ്വർണം നൽകിയിട്ടും പറഞ്ഞ സമയത്ത് ബാക്കി പണം ജയറാം നൽകിയില്ല. പണം ചോദിച്ച് ഷോപ്പിൽ എത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയത്. 40 ഓളം പരാതികളാണ് ജയറാമിനെതിരെ ലഭിച്ചിട്ടുള്ളത്. മൂന്ന് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.