kerala high court 
KERALA

ഭര്‍ത്താവിന്റെ മരണ ശേഷവും ഭാര്യക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം: ഹൈക്കോടതി

2009 ല്‍ ഭര്‍ത്താവിന്റെ മരണ ശേഷം തന്നേയും മക്കളേയും ഭര്‍ത്താവിന്റെ കുടുംബ വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് സ്ത്രീ കോടതിയെ സമീപിച്ചത്

Author : ന്യൂസ് ഡെസ്ക്

ഭര്‍ത്താവിന്റെ മരണശേഷവും ഭാര്യയ്ക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാനുള്ള അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് എം.ബി. സ്‌നേഹലതയുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഭര്‍ത്താവിന്റെ മരണ ശേഷം വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

2009 ല്‍ ഭര്‍ത്താവിന്റെ മരണ ശേഷം തന്നേയും മക്കളേയും ഭര്‍ത്താവിന്റെ കുടുംബ വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് സ്ത്രീ കോടതിയെ സമീപിച്ചത്. ആദ്യം പാലക്കാട് സെഷന്‍സ് കോടതിയിലെത്തിയ ഹര്‍ജിയില്‍ യുവതിക്ക് അനുകൂലമായി കോടതി ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ യുവതിയുടെ ഭര്‍ത്താവിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു. യുവതിക്ക് സ്വന്തമായി വീടുണ്ടെന്നും സ്വന്തം മാതാപിതാക്കളുടെ കൂടെയാണ് താമസിക്കുന്നതെന്നുമായിരുന്നു ഭര്‍തൃവീട്ടുകാരുടെ വാദം. ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല, യുവതിയുടെ വാദം എന്നും ഭര്‍ത്താവിന്റെ കുടുംബത്തിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍, ഈ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി, യുവതി മരിച്ചയാളുടെ ഭാര്യ ആയതിനാലും നേരത്തേ കുടുംബ വീട്ടില്‍ താമസിച്ചതിനാലും ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ സെക്ഷന്‍ 2(എ), 2(എഫ്), 2(കള്‍) പ്രകാരമുള്ള നിര്‍വചനങ്ങളില്‍ ഉള്‍പ്പെടുമെന്ന് വ്യക്തമാക്കി. ഭര്‍ത്താവിന്റെ മരണശേഷവും ഭാര്യയ്ക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാമെന്നും ഉടമസ്ഥാവകാശം ഇല്ലെന്നതിന്റെ പേരില്‍ ഇറക്കിവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

SCROLL FOR NEXT