ക്ഷേമ പെൻഷനെ അവഹേളിച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ മാപ്പ് പറയണമെന്ന് സിപിഐഎം. ക്ഷേമ പെൻഷനെ കൈക്കൂലിയെന്ന് ആക്ഷേപിച്ചത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആനുകൂല്യങ്ങളെ കൈക്കൂലിയെന്ന് അപഹസിക്കുന്നത് ഏത് നേതാവായാലും അംഗീകരിക്കില്ലെന്നും സിപിഐഎം സെക്രട്ടേറിയറ്റ് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് കൺവെൻഷനിൽ കെ.സി.വേണുഗോപാൽ പറഞ്ഞ വാക്കുകളാണ് ഇന്ന് വിവാദമായിരിക്കുന്നത്. ക്ഷേമപെന്‍ഷന്‍ തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാക്കി പിണറായി വിജയന്‍ മാറ്റിയെന്ന പ്രസ്താവനയാണ് വിവാദത്തിന് തിരി കൊളുത്തിയത്. സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളുടെ പ്രതിഫലനം നിലമ്പൂരിലുണ്ടാകുമെന്ന പേടി യുഡിഎഫിനുണ്ടെന്ന് സിപിഐഎം ആരോപിക്കുന്നു. അതിനാലാണ് കെ.സി. വേണുഗോപാലിന്റെ പ്രസ്താവനയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ പ്രസംഗം വളച്ചൊടിച്ചതാണെന്നും മാപ്പ് പറയില്ലെന്നുമാണ് കെ.സി. വേണുഗോപാലിൻ്റെ നിലപാട്. കുടിശ്ശിക ഉണ്ടാക്കി ഇലക്ഷൻ സമയത്ത് ഒരുമിച്ച് കൊടുക്കുന്നത്, ജനങ്ങളെ കൈക്കൂലിക്കാരായി കാണുന്നതിന് തുല്യമാണെന്ന ആരോപണമാണ് കെ.സി. വേണുഗോപാൽ ഉയർത്തുന്നത്.
വിവാദത്തിന് പിന്നാലെ കെ.സി. വേണുഗോപാലിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. പിണറായി സർക്കാർ പെൻഷൻ മുടക്കിയിട്ട് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ നൽകി നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണ്. അതാണ് കെ. സി. വേണുഗോപാൽ പറഞ്ഞത്. സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കെ.സി വേണുഗോപാലിന് മറുപടിയുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേരത്തെ രംഗത്തെത്തിയിരുന്നു. യുഡിഎഫോ പെൻഷൻ കൊടുക്കുന്നില്ല കൊടുക്കുന്നവരെ കുറ്റം പറയുകയുകയാണെന്ന വിമർശനമാണ് ധനമന്ത്രി ഉയർത്തിയത്. ക്ഷേമ പെൻഷൻ വാങ്ങുന്ന 62 ലക്ഷം ആളുകൾ മണ്ടൻമാരല്ല, അവരെ വില കുറച്ച് കാണരുതെന്നും ബാലഗോപാൽ പറഞ്ഞു. ക്ഷേമപെൻഷൻ വാങ്ങുന്നവരെ കൈക്കൂലിക്കാരായി കാണുന്നത് ശരിയല്ലെന്നും കോൺഗ്രസ് തിരുത്തണമെന്നും നിലമ്പൂർ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജും പ്രതികരിച്ചു.
ക്ഷേമ പെൻഷനെതിരായ പ്രസ്താവന 62 ലക്ഷം ജനതയെ അപമാനിക്കുന്നതാണെന്നും കേരള സമൂഹത്തോട് കെ.സി. വേണുഗോപാൽ മാപ്പ് പറയണമെന്നുമായിരുന്നു മന്ത്രി വി. എൻ. വാസവൻ്റെ പ്രതികരണം. സഹായിച്ചില്ലെങ്കിലും അപമാനിക്കരുത്. നിലമ്പൂരിൽ തിരിച്ചടി നേരിടുന്നു എന്ന് മനസ്സിലാക്കിയതോടെയാണ് ഇത്തരം പ്രസ്താവനകൾ യുഡിഎഫ് നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു.