കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ഒൻപതാം പതിപ്പിന് കോഴിക്കോട് കടപ്പുറത്ത് വർണാഭമായ തുടക്കം. എട്ട് വേദികളിലായി നടക്കുന്ന സാഹിത്യോത്സവം ഇന്ത്യൻ വംശജയായ ബഹിരാകാശയാത്രിക സുനിതാ വില്യംസും കേരള ടൂറിസം പൊതുവരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും ചേർന്ന് വേദി ഏഴ് 'എഴുത്തോല'യിൽ ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യൻ ബെൻ ജോൺസൺ, ചലച്ചിത്ര താരം ഭാവന, പ്രകാശ് രാജ് തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൻ്റെ ഭാഗമായി. ഉദ്ഘാടന സമ്മേളനത്തിന് ശേഷം നടന്ന സുനിതാ വില്യംസും പ്രീതി ചൗധരിയും സംവദിച്ച സെഷൻ ശ്രദ്ധേയമായി.
ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരായ നാമെല്ലാം ഒന്ന് എന്ന ആശയമായിരുന്നു ഉദ്ഘാടന വേദിയിൽ സുനിത വില്യംസ് പങ്കുവച്ചത്. കേരളക്കരയിൽ ലഭിച്ച വൻ വരവേൽപ്പിന് നന്ദി പറഞ്ഞുകൊണ്ടാണ് ഒളിമ്പ്യൻ ബെൻ ജോൺസൻ സദസിനെ അഭിസംബോധന ചെയ്ത് തുടങ്ങിയത്. സ്വതസിദ്ധമായ ശൈലിയിലാണ് ചലച്ചിത്ര താരം പ്രകാശ് രാജ് സംസാരിച്ച് തുടങ്ങിയത്. വൻ കരഘോഷത്തോടെയാണ് സദസ് ഭാവനയെ വരവേൽറ്റത്. യൗവന കാലത്ത് ആദ്യമായി ഒരു പുസ്തകം വായിച്ച് തീർത്തതിൻ്റെ ഓർമകൾ ഭാവന പങ്കുവച്ചു. ഉദ്ഘാടനത്തിനുശേഷമുള്ള ആദ്യ സെഷനിൽ സുനിതാ വില്യംസും മാധ്യമ പ്രവർത്തക പ്രീതി ചൗധരിയും സംവദിച്ചത് സദസിന് കൗതുകമായി.
രണ്ടാംദിവസമായ ഇന്ന് എഴുത്തോല വേദിയിൽ കുട്ടികൾക്കായി രാവിലെ 10-ന് 'ഒരു കാലത്ത് ബഹിരാകാശത്ത്' എന്ന വിഷയത്തിൽ സുനിതാ വില്യംസും നടി റിമാ കല്ലിങ്കലും സംവാദം നടത്തും. വൈകീട്ട് നാലിന് "ലോകത്തെ വേഗമേറിയ മനുഷ്യൻ' എന്ന വിഷയത്തിൽ ഒളിമ്പ്യൻ ബെൻ ജോൺസൺ സംസാരിക്കും. വിവിധ സെഷനുകളിലായി സാഹിത്യ-സാംസ്കാരിക-സാമ്പത്തിക-പാരിസ്ഥിതിക-സിനിമാ-കായിക രംഗത്തെ പ്രമുഖരും സാഹിത്യോത്സവത്തിൻ്റെ ഭാഗമാകും.