തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗുരുതര ആരോപണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഉമ്മൻ ചാണ്ടി ചതിച്ചെന്നും കുടുംബ ജീവിതം തകർത്തെന്നും ഗണേഷ് കുമാർ ആരോപിച്ചു. തന്നെയും മക്കളെയും വേർപിരിച്ചത് ഉമ്മൻ ചാണ്ടിയുടെ ഇടപെടലാണ്. നല്ല കുടുംബനാഥനായിരുന്നെങ്കിൽ ഉമ്മൻ ചാണ്ടി തന്നെയും മക്കളെയും യോജിപ്പിച്ച് വിടുകയായിരുന്നു ചെയ്യേണ്ടത്. മന്ത്രി സ്ഥാനം മടക്കി നൽകാമെന്ന് പറഞ്ഞ് പറ്റിച്ചെന്നും ഗണേഷ് കുമാർ ആരോപിച്ചു. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കിയത് ഗണേഷാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞതിന് പിന്നാലെയാണ് അതിരൂക്ഷ പ്രതികരണം.
ഇലക്ഷൻ വന്നപ്പോൾ ഉമ്മൻ ചാണ്ടിയെ പറ്റിച്ചെന്ന് പറഞ്ഞ് പുതിയ കഥയുമായി ഇറങ്ങിയിരിക്കുകയാണ് ചാണ്ടി ഉമ്മനെന്നും ഗണേഷ് കുമാർ ആരോപിച്ചു. താൻ ചതിച്ചെന്ന് ഉമ്മൻ ചാണ്ടി ഒരിടത്തും പറഞ്ഞിട്ടില്ല. കാര്യങ്ങൾ പറയുമ്പോൾ അന്തസ് വേണം. അഞ്ച് തെരഞ്ഞെടുപ്പ് തുടർച്ചയായി ഒരു മണ്ഡലത്തിൽ വിജയിച്ച ആളാണ്. ചാണ്ടി ഉമ്മൻ്റെ പ്രസ്താവന പിൻവലിച്ചാൽ ചാണ്ടി ഉമ്മന് കൊള്ളാം. തെരഞ്ഞെടുപ്പ് അടക്കുമ്പോൾ ക്രിസ്ത്യൻ വിഭാഗത്തെ ഇളക്കി വിടാനുള്ള ശ്രമമൊന്നും വേണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.
പത്തനാപുരത്ത് നടന്ന പൊതുപരിപാടിയില്‍ ആയിരുന്നു സോളാർ കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരെ കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. സോളാര്‍ പരാതിക്കാരിയുടെ പരാതി 18 പേജില്‍ നിന്ന് 24 പേജ് ആയി കൂടിയതിന് പിന്നില്‍ ഗണേഷ് കുമാറാണെന്ന് ഉള്‍പ്പെടെയായിരുന്നു ചാണ്ടി ഉമ്മൻ്റെ ആരോപണങ്ങള്‍.