കൊച്ചി: കിണറ്റിൽ വീണ നാലുവയസ്സുകാരന് രക്ഷകരായി പൊലീസ് ഉദ്യോഗസ്ഥർ. പേഴയ്ക്കാപ്പിള്ളി പൂഞ്ചേരി സ്വദേശി ഷിഹാബിൻ്റെ നാല് വയസുള്ള മകൻ മുഹമ്മദ് സയാനെയാണ് പൊലീസുകാർ കിണറ്റിൽ നിന്ന് രക്ഷിച്ചത്. മറ്റൊരു കേസിൻ്റെ അന്വേഷണത്തിനായി എത്തിയ മൂവാറ്റുപുഴ എസ്ഐ അതുൽ പ്രേം ഉണ്ണിയും കൂടെ ഉണ്ടായിരുന്ന പൊലീസുകാരും ചേർന്നാണ് കുട്ടിയെ രക്ഷിച്ചത്. രക്ഷാപ്രവർത്തനം നടത്തിയവരെ ജില്ലാ പൊലീസ് മേധാവി അഭിനന്ദിച്ചു.
തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ കളിക്കുന്നതിനിടെ കുട്ടി കിണറ്റിൽ വീഴുകയായിരുന്നു. പൊക്കം കുറഞ്ഞ ചുറ്റുമതിലുള്ള കിണർ നെറ്റുകൊണ്ട് മറച്ച നിലയിൽ ആയിരുന്നു. മറ്റൊരു കേസിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായി പൂഞ്ചേരിയിൽ എത്തിയ എസ്ഐ അതുൽ പ്രേം ഉണ്ണിയും പൊലീസുകാരും വീട്ടുകാരുടെ നിലവിളി കേട്ട് വാഹനം നിർത്തുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ എസ്ഐ അതുൽ കിണറ്റിലേക്കിറങ്ങി കുഞ്ഞിനെ കോരി എടുത്തു. ബോധം പോയ കുട്ടിക്ക് കിണറ്റിൽ വച്ച് തന്നെ എസ്ഐയും സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് രാജനും ചേർന്ന് അടിയന്തര ശുശ്രൂഷ നൽകി. ഒപ്പമുണ്ടായിരുന്നു എഎസ്ഐ കെ.എസ്. ഷിനു നാട്ടുകാരെ വിളിച്ചു കയറും ഗോവണിയും ഇറക്കി നൽകി. ഉടൻതന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു