മുഖ്യമന്ത്രിക്ക് ഹേമാ കമ്മിറ്റി റിപ്പോർട്ട് കൈമാറുന്നു 
KERALA

ഹേമാ കമ്മിറ്റിയില്‍ മൊഴി നല്‍കിയവർ അന്വേഷണത്തോട് സഹകരിക്കുന്നില്ല; കേസുകള്‍ എഴുതിത്തള്ളാന്‍ പൊലീസ്

ആറ് വര്‍ഷം മുന്‍പാണ് ഹേമാ കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയതെന്നും അന്നത്തെ സാഹചര്യം മാറി, കേസിന് താല്‍പ്പര്യമില്ലെന്നുമാണ് പലരുടെയും മറുപടി.

Author : ന്യൂസ് ഡെസ്ക്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലെടുത്ത കേസുകള്‍ എഴുതിത്തള്ളാന്‍ ഒരുങ്ങുന്നു. മൊഴി നല്‍കിയവരാരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കാട്ടിയാണ് പൊലീസ് നടപടി. നോട്ടീസിനും മറുപടി നല്‍കിയില്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി ഈ മാസം അവസാനം കോടതിയില്‍ അറിയിക്കും. എന്നാല്‍, പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസുകള്‍ തുടരാനാണ് പൊലീസിന്റെ തീരുമാനം.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ ലോകത്ത് കേസുകളുടെ പ്രളയമായിരുന്നു. രഞ്ജിത്തും സിദ്ദീഖും മുകേഷും ജയസൂര്യയും ഉള്‍പ്പെടെ പ്രമുഖരടക്കം നാല്‍പ്പതിലേറെപ്പേരാണ് വിവിധ കേസുകളില്‍ പ്രതി ചേർക്കപ്പെട്ടത്. രണ്ട് തരത്തിലായിരുന്നു കേസുകളെടുത്തത്. ഒന്ന്, നേരിട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍. രണ്ട്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിലും. എന്നാൽ, കമ്മിറ്റിയോട് ദുരനുഭവം വെളിപ്പെടുത്തിയവരെ പൊലീസ് പലതവണ വിളിച്ചെങ്കിലും ആരും മൊഴി നല്‍കാന്‍ തയ്യാറല്ല.

ആറ് വര്‍ഷം മുന്‍പാണ് ഹേമാ കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയതെന്നും അന്നത്തെ സാഹചര്യം മാറി, കേസിന് താല്‍പ്പര്യമില്ലെന്നുമാണ് പലരുടെയും മറുപടി. അവസാന വഴിയെന്ന നിലയിലാണ്, മൊഴി ആവശ്യപ്പെട്ട് കോടതി വഴി പൊലീസ് നോട്ടീസ് അയച്ചത്. അതിനും ഇതുവരെ ആരും മറുപടി നല്‍കിയില്ല. ഈ മാസം അവസാനം വരെ നോക്കിയ ശേഷം മറുപടിയില്ലെങ്കില്‍ അന്വേഷണത്തിന് സാധ്യതയില്ലെന്ന് കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി, നടപടി പൂര്‍ത്തിയാക്കാനാണ് തീരുമാനം.

അവസാന വഴിയെന്ന നിലയിലാണ്, മൊഴി ആവശ്യപ്പെട്ട് കോടതി വഴി പൊലീസ് നോട്ടീസ് അയച്ചത്. അതിനും ഇതുവരെ ആരും മറുപടി നല്‍കിയില്ല.

അതേസമയം, സിദ്ദീഖും മുകേഷും രഞ്ജിത്തും ഉള്‍പ്പെടെ പ്രമുഖര്‍ക്കെതിരെയെടുത്ത കേസുകള്‍ പരാതികളുടെ അടിസ്ഥാനത്തിലാണ്. അത്തരത്തിലുള്ള ഒന്‍പത് കേസുകളില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്. അവശേഷിക്കുന്നവയിലും ഈ മാസം തന്നെ കുറ്റപത്രം സമർപ്പിക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മൊഴി നൽകാൻ താൽപ്പര്യം ഇല്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി മുന്‍പ് നി‍ർദേശിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ബുദ്ധിമുട്ടുണ്ടാക്കിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചിരുന്നു. എസ്ഐടി മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ ഈ നിർദേശം. നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റിന് മൊഴി നൽകാമെന്നും അല്ലെങ്കിൽ ഹാജരായി മൊഴി നല്‍കാന്‍ താൽപ്പര്യമില്ലെന്ന് അറിയിക്കാമെന്നുമായിരുന്നു കോടതി പറഞ്ഞിരുന്നത്.

SCROLL FOR NEXT