ഇടുക്കി: വാഹനമിടിച്ച് ചത്ത മുള്ളൻ പന്നിയുടെ ഇറച്ചിയും മുള്ളുകളും കൊണ്ട് സുഹൃത്തുക്കളെ കാണാൻ പോയ ബിഹാർ സ്വദേശി പൊലീസിന്റെ പിടിയിലായി. കട്ടപ്പനയിൽ നടന്ന പരിശോധനയ്ക്കിടെയാണ് ചാക്കിൽ, മുള്ളൻ പന്നിയുടെ ഇറച്ചി കണ്ടെത്തിയത്. ബീഹാർ- ബെൽക്കാം മഞ്ചൂർ കോള സ്വദേശി, സിലാസ് എംബാറാമിന് ഇടുക്കിയിലെ നെടുങ്കണ്ടം തൂക്കുപാലം കുഴിപ്പട്ടിക്ക് സമീപത്തുനിന്നാണ് വാഹനമിടിച്ച് ചത്ത മുള്ളൻ പന്നിയെ കിട്ടിയത്.
മുള്ളൻ പന്നിയെ കിട്ടിയതോടെ അവിടെവച്ചുതന്നെ എംബാറാം കറിവയ്ക്കാൻ പാകത്തിന് ഇറച്ചി പരുവപ്പെടുത്തി. സുഹൃത്തുക്കളെ വിളിച്ച് മുള്ളൻ പന്നിയിറച്ചി കിട്ടിയെന്ന് അറിയിച്ചു. എന്നാൽ വിശ്വാസം വരാത്ത കൂട്ടുകാരെ ബോധ്യപ്പെടുത്താൻ ഇറച്ചിക്കൊപ്പം മുള്ളുകളും ചാക്കിലാക്കി കട്ടപ്പനയ്ക്ക് യാത്ര തുടങ്ങി. എന്നാൽ പോകുന്ന വഴിയിൽ കട്ടപ്പനയിൽ പൊലീസ് പരിശോധന നടക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് ഇയാൾക്ക് പിടിവീണത്. എംബാറാമിന്റെ കൈയിൽ കണ്ട ചാക്കുകെട്ടിൽ സംശയം തോന്നിയ പൊലീസ് അത് പരിശോധിച്ചു. ഇതോടെ എംബാറാം കസ്റ്റഡിയിലായി.
പിന്നാലെ പൊലീസ് കുമളി വനംവകുപ്പ് റേഞ്ച് ഓഫീസിൽ വിവരമറിയിച്ചു. അഞ്ച് കിലോ മുള്ളൻ പന്നിയിറച്ചിയാണ് എംബാറാമിന്റെ ചാക്കിലുണ്ടായിരുന്നത്. മുള്ളുകളും ഇറച്ചി പാകപ്പെടുത്താൻ ഉപയോഗിച്ച വെട്ടുകത്തിയും വനം വകുപ്പ് കണ്ടെത്തി. ബിഹാർ സ്വദേശിയെ കോടതി റിമാൻഡ് ചെയ്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളിൽ പെട്ടയാളുകൾക്ക് വന്യജീവി നിയമത്തെക്കുറിച്ച് വേണ്ടത്ര പരിജ്ഞാനമില്ലെന്നും കേരളത്തിൽ തൊഴിലെടുക്കാൻ വരുന്നവർക്ക് വന്യജീവി സംരക്ഷണ നിയമത്തെക്കുറിച്ച്, തൊഴിലുടമകൾ അവബോധം നൽകണമെന്നും വനം വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.