Source: Social Media
KERALA

ട്രെയിനിൽ നിന്നും തള്ളിയിട്ട പെൺകുട്ടിയുടെ നിലയിൽ മാറ്റമില്ല; സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഗുരുതര സുരക്ഷാ വീഴ്ച

കൊല്ലത്ത് ഐലൻഡ് എക്സ്പ്രസ്സിൽ സഞ്ചരിക്കുകയായിരുന്ന ഭിന്നശേഷിക്കാരനെ യുവാവ് ക്രൂരമായി മർദിച്ചു.

Author : ന്യൂസ് ഡെസ്ക്

കേരള എക്സ്പ്രസ്സിൽ അതിക്രമം നേരിട്ട തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനായെങ്കിലും കുട്ടി ഇപ്പോഴും നിരീക്ഷണത്തിലാണ്. അതേസമയം സംസ്ഥാനത്ത് പലയിടത്തും റെയിൽവെയുമായി ബന്ധപ്പെട്ട് കണ്ണൂരിൽ അനധികൃതമായി പ്ലാറ്റഫോമിൽ കിടന്നുറങ്ങിയത് ചോദ്യം ചെയ്തതിന് സുരക്ഷാ ഉദ്യോഗസ്ഥന് നേരെ അക്രമമുണ്ടായി. കൊല്ലത്ത് ഐലൻഡ് എക്സ്പ്രസ്സിൽ സഞ്ചരിക്കുകയായിരുന്ന ഭിന്നശേഷിക്കാരനെ യുവാവ് ക്രൂരമായി മർദിച്ചു. സംസ്ഥാനത്തെ ട്രെയിൻ യാത്രയുടെ സുരക്ഷാ സംബന്ധിച്ചുള്ള ന്യൂസ് മലയാളം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വീഴ്ചകളാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 19 കാരിയുടെ ആരോഗ്യനിലയിൽ ഇന്നും പുരോഗതിയില്ലെന്നാണ് വിവരം . ട്രെയിനിൽ നിന്ന് ചവിട്ടേറ്റ് വീണപ്പോഴുണ്ടായ ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനായെങ്കിലും അവയവങ്ങൾക്ക് സാരമായ പരിക്കുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട്. കുട്ടി നിരീക്ഷണത്തിലാണെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഈ സംഭവം ചർച്ചയാകുന്ന അതേസമയം തന്നെ സംസ്ഥാനത്ത് പല ഭാഗങ്ങളിവും റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ട്രെയിൻ യാത്രകളിൽ നിന്നും അനിഷ്ട സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അനധികൃതമായി കിടന്നുറങ്ങിയത് ചോദ്യം ചെയ്ത ആർ പി എഫ് ഉദ്യോഗസ്ഥൻ ശശിധരന് നേരെ അക്രമമുണ്ടായി. അക്രമത്തിൽ ശശിധരന്റെ കൈക്ക് പരിക്കേറ്റു. മമ്പറം സ്വദേശി ധനേഷാണ് അക്രമം നടത്തിയത്. ഇയാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്ന ഉപകരണങ്ങളും അക്രമി തകർത്തു. കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ സഞ്ചരിക്കുകയായിരുന്ന ആലപ്പുഴ താമരക്കുളം സ്വദേശി നാസറിനാണ് മർദ്ദനമേറ്റത്.

ട്രെയിൻ കൊല്ലത്തെത്തിയപ്പോഴായിരുന്നു മർദ്ദനം. ഭിന്നശേഷിക്കാരനായ നാസറിന് മുഖത്തുൾപ്പടെ പരിക്കുണ്ട്. ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക കംപാർട്മെന്റിൽ വച്ചായിരുന്നു അക്രമം. അക്രമം നടത്തിയയാൾ സഹയാത്രികർ തടഞ്ഞുവെക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ചാടി രക്ഷപ്പെട്ടു. ഭിന്നശേഷിക്കാർക്കായി റിസർവ് ചെയ്ത കംപാർട്മെന്റിൽ കയറിയത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. സംഭവത്തിൽ കേസെടുത്ത ആർപിഎഫ് പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി.

ട്രെയിൻ യാത്രയുടെ സുരക്ഷാ സംബന്ധിച്ചുള്ള അന്വേഷണ യാത്രയിലും വെളിവായത് ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചകൾ. സാധാരണക്കാർ ആശ്രയിക്കുന്ന പാസഞ്ചർ ട്രെയിനുകൾ മതിയായ പരിശോധനയോ, സുരക്ഷാ സേവനങ്ങളോ ഇല്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. കുറഞ്ഞ സർവീസുകളും, ആവശ്യമായ പ്രത്യേക കംപാർട്മെന്റുകൾ ഇല്ലാത്തതും പ്രതിസന്ധി വർധിപ്പിക്കുന്നുണ്ട്.

SCROLL FOR NEXT