KERALA

കഥകളിയോട് സാമ്യം, മണിക്കൂറുകള്‍ നീണ്ട ചമയം; കലോത്സവ നഗരിയില്‍ നിന്നും കൂടിയാട്ടത്തിന്റെ അണിയറക്കാഴ്ച

കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

Author : കവിത രേണുക

ലോക പൈതൃക കലകളില്‍ ഒന്നായി യുനെസ്‌കോ അംഗീകരിച്ച കൂടിയാട്ടത്തിന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും ആരാധകര്‍ ഏറെയാണ്. കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കഥകളിയോട് സാമ്യം തോന്നുന്ന ഒരു കലാരൂപം കൂടിയാണ് കൂടിയാട്ടം. കൂടിയാട്ടത്തിന്റെ പിന്നണി കാഴ്ചകള്‍ കണ്ട് വരാം.

കൂടിയാട്ടത്തിന്റെ പൂര്‍ണ രൂപം അവതരിപ്പിക്കാന്‍ 41 ദിവസമാണെങ്കില്‍ അത് കലോത്സവ വേദിയില്‍ എത്തുന്നത് മുപ്പത് മിനിറ്റാണ്. ഏഴ് പേരടങ്ങുന്ന കൂടിയാട്ടം, നൃത്തത്തെക്കാള്‍ പ്രാധാന്യം നല്‍കുന്നത് അഭിനയത്തിനാണ്.

കഥകളിക്ക് സമാനമായ മുഖത്തെഴുത്ത്. നാല് വെള്ള മുണ്ടുകള്‍. നാല് മീറ്റര്‍ വീതി. മാറ്റ് നിര്‍മിക്കുന്നത് ഈ മുണ്ട് ഞൊറിഞ്ഞാണ്. ഓരോ കഥാപാത്രങ്ങള്‍ക്കും അതിന്റെ സ്വഭാവമനുസരിച്ചാണ് മാറ്റിന്റെ നിര്‍മാണം.

കഥകളിയെ പോലെ തന്നെ കൂടിയാട്ടത്തിലെ കഥാപാത്രങ്ങള്‍ക്കും മുഖത്തെഴുത്തിന് മൂന്നും നാലും മണിക്കൂര്‍ വേണം. മനയോല, ചായില്യം, കരി, മഞ്ഞള്‍, ചുവപ്പ് തുടങ്ങിയ വര്‍ണ്ണ രേഖകള്‍ സൂക്ഷമതോടെ വരച്ച് എടുക്കും. കഥാപാത്രങ്ങളെ മനസില്‍ കണ്ടതുകൊണ്ടാവണം ചായം തീര്‍ക്കുമ്പോൾ ഇത്ര പൂര്‍ണത അനുഭവപ്പെടുന്നത്.

അരിപ്പൊടിയും പേപ്പറും ചേര്‍ത്ത് ചുട്ടി കുത്തുമ്പോള്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുകകൂടെയാണ്. ശരീരം അനക്കാതെ കണ്ണുകളിലൂടെയും ചിലപ്പോള്‍ കഥപറയാറുണ്ട്. ഒരു പക്ഷെ എല്ലാ കഥാപാത്രങ്ങളുടെയും കണ്ണുകള്‍ ചുവന്നിരിക്കുന്നത് നമ്മള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. ചുണ്ടപ്പൂവിന്റെ വിത്താണ് കണ്ണുകള്‍ ചുവപ്പിക്കാനായി ഉപയോഗിക്കുന്നത്. നേരം പുലരും മുന്‍പെ മുഖത്തെഴുത്ത് തുടങ്ങും. നായകനും നായികയും കൂടി രംഗപ്രവേശനം ചെയ്യുന്നതുകൊണ്ടോ നായകനും വിദൂഷകനും കൂടിചേരുന്നതുകൊണ്ടോ ആവാം കൂടിയാട്ടമെന്ന പേര് വന്നതും.

കലാമണ്ഡലത്തില്‍ പഠിക്കുന്ന നിരവധി പോരാണ് കുരുന്നുകളെ ഒരുക്കാനായി എത്തിയതും. കുഞ്ഞനിയന്‍മാരെയും അനിയത്തിമാരെയും ഒരുക്കി കഴിഞ്ഞ് വിശ്രമിക്കുന്‌പോള്‍ അറിയാതെ തന്നെ മയക്കത്തിലേക്ക് വീഴുന്നതും കാണാം. കുരുന്നുകള്‍ക്കൊപ്പം കൂടുമ്പോള്‍ പരിശീലകര്‍ക്കും മനസുകൊണ്ട് പ്രായം കുറഞ്ഞതുപോലെയാണ്. അവര്‍ക്കൊപ്പം അവരുടെ വൈബ് പിടിച്ചാണ് പരിശീലനം നടന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ മത്സരാര്‍ഥികള്‍ക്ക് ഒറ്റവിഷമമേയുള്ളു.. ഇനി സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാനാകില്ലല്ലോയെന്ന്.

SCROLL FOR NEXT