KERALA

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ പരാതി: ഡീന്‍ സി.എന്‍. വിജയകുമാരി ഹാജരാകണമെന്ന് നെടുമങ്ങാട് എസ്‌സി/എസ്ടി കോടതി

പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം എന്ന് പറഞ്ഞ് വിജയകുമാരി അധിക്ഷേപിച്ചതായാണ് വിപിന്റെ പരാതി

Author : ന്യൂസ് ഡെസ്ക്

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ കേസില്‍ ഡീന്‍ ഡോ. സി.എന്‍ വിജയകുമാരിയോട് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം. നെടുമങ്ങാട് എസ്‌സി/എസ്ടി കോടതിയാണ് വിജയകുമാരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച് നിര്‍ദേശം നല്‍കിയത്.

ഹാജരായി ജാമ്യം എടുക്കാമെന്ന കോടതി ഉപാധി പ്രതിഭാഗം അഭിഭാഷകന്‍ അംഗീകരിച്ചു. വിപിന്‍ വിജയന്റെ ഭാഗം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം. ഗവേഷണ പ്രബന്ധത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയതിലെ ദേഷ്യവും രാഷ്ട്രീയ പകപോക്കലുമാണ് വിപിന്റെ പരാതിക്ക് അടിസ്ഥാനമെന്നുമായിരുന്നു കോടതിയില്‍ അധ്യാപികയുടെ വാദം.

വിപിന്‍ വിജയന്‍ നല്‍കിയ പരാതിയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി വിസിക്കും രജിസ്ട്രാര്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

തീസിസ് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് വകുപ്പ് മേധാവിയായ സി.എന്‍. വിജയകുമാരിയില്‍ നിന്നും ജാതി അധിക്ഷേപം നേരിട്ടതായി കാണിച്ചായിരുന്നു വിപിന്‍ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം എന്ന് പറഞ്ഞ് വിജയകുമാരി അധിക്ഷേപിച്ചതായാണ് വിപിന്റെ പരാതിയില്‍.

എംഫില്ലില്‍ വിപിന്റെ ഗൈഡായിരുന്ന വിജയകുമാരി പിന്നീട് വിപിന് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് കൈമാറിയതായും നിനക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

മറ്റു പല കുട്ടികള്‍ക്കും ഇവരില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുള്ളതായും എന്നാല്‍ പലരും പഠനം പൂര്‍ത്തിയാക്കുവാനായി കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും വിപിന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അക്കാദമിക്കായ കാര്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളുവെന്നുമാണ് അധ്യാപികയുടെ പ്രതികരണം.

SCROLL FOR NEXT