രജിസ്ട്രാർ കെ.എസ്. അനില്‍ കുമാർ Source: facebook/ KS ANIL KUMAR, Kerala University
KERALA

കേരള യൂണിവേഴ്സിറ്റിയിൽ പോര് തുടരുന്നു; രജിസ്ട്രാർ അനിൽകുമാറിനെ ഒഴിവാക്കി യോഗം വിളിച്ച് വൈസ് ചാൻസലർ

93 വിദേശ വിദ്യാർഥികൾക്ക് കേരളത്തിൽ പ്രവേശനം നൽകാനും യോഗത്തിൽ തീരുമാനമായി.

Author : ന്യൂസ് ഡെസ്ക്

കേരള യൂണിവേഴ്സിറ്റി വിവാദങ്ങൾക്കിടെ രജിസ്ട്രാർ അനിൽകുമാറിനെ ഒഴിവാക്കി യോഗം വിളിച്ച് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. വി.സി ഇന്ന് വിളിച്ചുചേർത്ത സർവകലാശാലയുടെ സെൻ്റർ ഫോർ ഗ്ലോബൽ അക്കാദമിയുടെ യോഗം ചേർന്നത് ഓൺലൈനായിട്ടായിരുന്നു. രജിസ്ട്രാർ ഇൻ ചാർജ് എന്ന നിലയ്ക്ക് പങ്കെടുത്തത് ഡോ. മിനി കാപ്പനും ആയിരുന്നു. 93 വിദേശ വിദ്യാർഥികൾക്ക് കേരളത്തിൽ പ്രവേശനം നൽകാനും യോഗത്തിൽ തീരുമാനമായി.

അതേസമയം, രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടയാൻ വി.സി നിർദ്ദേശിച്ച സംഭവത്തിലും വിവാദം പുകയുകയാണ്. ഡ്രൈവറുടെ പക്കൽ നിന്നും താക്കോൽ വാങ്ങി സൂക്ഷിക്കാൻ മിനി കാപ്പൻ സെക്യൂരിറ്റി ഓഫീസർക്ക് നിർദേശം നൽകിയിരുന്നു. വാഹനത്തിന്റെ താക്കോൽ താൽക്കാലിക രജിസ്ട്രാർ ഇൻ ചാർജ് ഡോ. മിനി കാപ്പന് ഏൽപ്പിക്കുവാനും വി.സി ഉത്തരവിട്ടു.

കാർ ഉപയോഗിക്കാൻ തനിക്ക് നിയമതടസങ്ങൾ ഇല്ലെന്ന് അനിൽ കുമാർ അറിയിച്ചെന്നാണ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ട്. തൻ്റെ സസ്പെൻഷൻ നടപടി നിയമന അധികാരിയായ സിൻഡിക്കേറ്റ് പിൻവലിച്ചതാണെന്നും കെ.എസ്. അനിൽകുമാർ പറഞ്ഞു.

അതേസമയം, വൈസ് ചാൻസലർ അടിയന്തരമായി സിൻഡിക്കേറ്റ് യോ​ഗം വിളിച്ച് ചേർക്കണമെന്ന് ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ ആവശ്യപ്പെട്ടു. രജിസ്ട്രാറുടെ വാഹനം പിടിച്ചെടുക്കാൻ വി.സിക്ക് അധികാരമില്ലെന്നും അവർ ചൂണ്ടിക്കാട്ടി. കെ.എസ്. അനിൽകുമാറിന് ഔദ്യോഗിക വാഹനം നൽകരുതെന്ന വി.സിയുടെ നിർദേശം ഉദ്യോഗസ്ഥർ തള്ളിയ സാഹചര്യത്തിലായിരുന്നു പ്രതികരണം.

SCROLL FOR NEXT