Source: News Malayalam 24x7
KERALA

തെളിവുകൾ ഹാജരാകാൻ എതിർഭാഗത്തിന് സാധിച്ചില്ല; കേരള സർവകലാശാല ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരായ ജാതി അധിക്ഷേപ പരാതി റദ്ദാക്കി

ഡോ. വിനോദ് കുമാർ, ടി.ജി. നായർ, പി.എസ്. ഗോപകുമാർ എന്നിവർക്കെതിരെ നൽകിയ പരാതിയിലാണ് നടപടി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള സർവകലാശാല ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരായ ജാതി അധിക്ഷേപ പരാതി റദ്ദാക്കി സംസ്ഥാന പട്ടികജാതി - പട്ടിക വർഗ കമ്മീഷൻ. എസ്.സി/എസ്.ടി കമ്മീഷൻ നടത്തിയ അദാലത്തിൽ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാകാൻ എതിർഭാഗത്തിന് സാധിച്ചില്ല. ഡോ. വിനോദ് കുമാർ, ടി.ജി. നായർ, പി.എസ്. ഗോപകുമാർ എന്നിവർക്കെതിരെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദൻ നൽകിയ പരാതിയിലാണ് നടപടി. പോലീസിൻ്റെ അന്വേഷണത്തിൽ ജാതി അധിക്ഷേപം നടന്നിട്ടില്ല എന്ന് കണ്ടെത്തിയിരുന്നു. അദാലത്ത് നോട്ടീസ് ലഭിച്ചില്ലെന്നും അപ്പീൽ പോകുമെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദൻ അറിയിച്ചു.

കഴിഞ്ഞ നവംബർ 12ന് നടന്ന സെനറ്റ് യോഗത്തിനിടെയാണ് സർവകലാശാല ആസ്ഥാനത്ത് വച്ച് സിൻഡിക്കേറ്റ് അംഗങ്ങൾ ജാതി അധിക്ഷേപ പരാമർശം നടത്തിയത്. ഡീന്‍ സി.എന്‍. വിജയകുമാരിക്കെതിരായ ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയൻ്റെ ജാതി അധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലായിരുന്നു ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ജാതി അധിക്ഷേപം. വിജയകുമാരി ടീച്ചറുടെ വീട്ടില്‍ ടീച്ചര്‍ക്കും അവരുടെ കുട്ടികള്‍ക്കും ഭര്‍ത്താവിനും അന്നം വിളമ്പിക്കൊടുക്കുന്നത് പോലും ഒരു ദളിത് വ്യക്തിയാണെന്നായിരുന്നു ഡോ. വിനോദ് കുമാറിൻ്റെ പരാമര്‍ശം. എന്നാല്‍ ജാതി നോക്കിയല്ല പെരുമാറുന്നത് എന്ന് പറയാനാണ് ഉദ്ദേശിച്ചത് എന്ന് ബിജെപി സിന്‍ഡിക്കറ്റ് അംഗം ഡോ. പി.എസ്. ഗോപകുമാർ സംഭവത്തിൽ പ്രതികരിച്ചിരുന്നു.

SCROLL FOR NEXT