സംസ്ഥാനത്തെങ്ങും പെരുമഴ. വയനാട്, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ദിവസം കൂടി പേമാരി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം, ഇടുക്കി, തൃശൂർ, കോട്ടയം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിൽ അതാത് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
ചേർത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഈ പ്രദേശങ്ങളിൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നിലമ്പൂർ താലൂക്കിലെ ഹയർ സെക്കൻഡറി ഉൾപ്പെടെ മുഴുവൻ സ്കൂളുകൾക്കും ബഡ്സ് സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്റസകൾക്കും നാളെ (ജൂൺ 27 ന്) ജില്ലാ കളക്ടർ വി.ആർ. വിനോദ് അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കും റസിഡൻഷ്യൽ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.
കണ്ണൂർ ഇരിട്ടി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിൽ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും ജൂൺ 30 വരെ നിരോധിച്ചു.
മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കണ്ണൂർ ജില്ലയിൽ ഇടിമിന്നലേറ്റ് ചെത്തുതൊഴിലാളി മരിച്ചു. ആറളം സ്വദേശിയായ രാജീവനാണ് മരിച്ചത്. ജോലി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. മലപ്പുറം കരുവാരകുണ്ട് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു. കുളിക്കാനിറങ്ങിയ മുക്കട്ട സ്വദേശി ജംഷാദിനാണ് ജീവൻ നഷ്ടമായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും ഗുരുതര പരിക്കേറ്റു.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. മഴ സാഹചര്യം കണക്കിലെടുത്ത് എല്ലാ ദിവസങ്ങളിലും ഡിഡിഎം യോഗം ചേരും. നിലവിൽ കേരളത്തിൽ 31 ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ആവശ്യമാകുന്ന സാഹചര്യങ്ങളിൽ മറ്റിടങ്ങളിലും ക്യാമ്പുകൾ ആരംഭിക്കാൻ നിർദേശം നൽകി. എല്ലാവിധ സൗകര്യങ്ങളും ക്യാമ്പിൽ ഉറപ്പാക്കും.
ഇടുക്കി, വയനാട്, മലപ്പുറം, പത്തനംതിട്ട എന്നിവിടങ്ങളിൽ അടിയന്തര സാഹചര്യത്തിൽ ആവശ്യമായ ഉപകരണങ്ങൾ കേന്ദ്രീകരിക്കാൻ നിർദേശം നൽകി. അതിൽ തന്നെ അതിതീവ്രശ്രദ്ധ ആവശ്യമുള്ളത് ഇടുക്കിയിലാണ്. ചുരുങ്ങിയ കാലയളവിൽ കൂടുതൽ മഴ ലഭിക്കുന്നതാണ് നിലവിലെ സാഹചര്യം. മഴയ്‌ക്കൊപ്പം 50 മുതൽ 60 കിലോമീറ്റർ വേഗത്തിൽ ഉള്ള കാറ്റിനും സാധ്യതയുണ്ടെന്നും മന്ത്രി കെ. രാജൻ അറിയിച്ചു.
മഴ ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. എറണാകുളം ജില്ലയിലെ ദുരിതപ്പെയ്ത്തിൽ കടുങ്ങല്ലൂർ, മൂവാറ്റുപുഴ, ആലുവ, ഏലൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറി. ബോസ്കോ കോളനിയിൽ നിന്ന് 30 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. പെരിയാറിലെ ജലനിരപ്പുയർന്നു. ആലുവ ശിവക്ഷേത്രം വെള്ളത്തിനടിയിലായി. ശക്തമായ മഴയിൽ കോതമംഗലത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കുടമുണ്ടപ്പാലം പൂർണമായി മുങ്ങി.
ഇടുക്കിയിൽ ആദിവാസി മേഖലകളായ നാളിയാനി - കോഴിപ്പള്ളി മേഖലകൾ ഒറ്റപ്പെട്ടു. നാളിയാനി - കോഴിപ്പള്ളി - കുളമാവ് റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും തടസപ്പെട്ടു. മാങ്കുളം പെരുമ്പൻകുത്ത് ആറാം മൈൽ റോഡിൽ വിള്ളൽ രൂപപ്പെട്ടു. ഏലപ്പാറ ചിന്നാറിൽ വീടിൻറെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെള്ളക്കെട്ട് രൂക്ഷമായി. ആലപ്പുഴയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര പറന്നു പോയി. മരം കടപുഴകി വീണും വീടുകൾക്ക് നാശനഷ്ടം ഉണ്ടായി.
ശക്തമായ മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. ചാലക്കുടി പുഴയിൽ നീരൊഴുക്ക് വർധിച്ചു, കപ്പത്തോട് കരകവിഞ്ഞു. റെയിൽവേ ക്വാർട്ടേഴ്‌സ് ഭാഗത്തും, ഡിവൈൻ കോളനിയിലും വെള്ളക്കെട്ട് രൂക്ഷമായതോടെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. വെള്ളപ്പൊക്കം രൂക്ഷമായതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പാലക്കാട് മണ്ണാർക്കാട് വിവിധയിടങ്ങളിൽ വെള്ളം കയറി. കുന്തിപ്പുഴയിൽ നീരൊഴുക്ക് ശക്തമാണ്.
കോഴിക്കോട് ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചാലിയാറിൽ നീരൊഴുക്ക് ശക്തമായതോടെ ബേപ്പൂർ ഹാർബറിന് സമീപം നങ്കൂരമിട്ട കൂറ്റൻ ഫൈബർ വള്ളങ്ങൾ ഒഴുകിപ്പോയി. നാദാപുരത്ത് വിവിധ ഇടങ്ങളിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ചെറുവാടിയിൽ തോടിൻ്റെ പാർശ്വഭിത്തി ഇടിഞ്ഞു. ഇന്നലെ രാത്രി മുതൽ പെയ്ത മഴയിൽ ചാലിയാറിലും ഇരുവഴിഞ്ഞി പുഴയും, മാമ്പുഴയും കരകവിഞ്ഞു. കോട്ടയം എരുമേലി മൂക്കൻപെട്ടി കോസ് വേ വെള്ളത്തിൽ മുങ്ങിയതോടെ പ്രദേശത്തെ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം പള്ളിത്തുറയിൽ കടലാക്രമണം രൂക്ഷമാണ്.
സംസ്ഥാനത്തെ വിവിധ ഡാമുകളിലും, നദികളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. റെഡ് അലേർട്ട് പ്രഖ്യാപിച്ച കോഴിക്കോട് കക്കയം ഡാമിൽ നിന്ന് അധികജലം ഒഴുക്കി വിടും. ഇരിട്ടി ബാരാപ്പോൾ ചെറുകിട ജല വൈദ്യുത പദ്ധതിയുടെ കനാലിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ഉത്പാദനം പൂർണമായി നിർത്തി. റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ മഴ സാഹചര്യം വിലയിരുത്തി.