തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിൻ്റെ അവസാന ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. സാമ്പത്തിക ഞെരുക്കത്തിനിടയിലും കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥ വളർച്ചയിലെന്നാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നത്. മൊത്തം ആഭ്യന്തര ഉൽപ്പാദനം 9.3 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി ഉയർന്നു. 6.19 ശതമാനത്തിൻ്റെ വളർച്ചയുണ്ടായി. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 685 ലക്ഷം കോടി രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനവും പ്രതിശീർഷ വരുമാനവും കൂടി. ഉയർന്ന പ്രതിശീർഷ വരുമാനമുള്ള ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുന്നു. മലയാളിയുടെ പ്രതിശീർഷ വരുമാനം 1.90 ലക്ഷം രൂപയായി. ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. മൊത്തം സംസ്ഥാന മൂല്യ വർധന 6.59 ശതമാനമായി ഉയർന്നെന്നും സാമ്പത്തിക അവലോകന റിപ്പോർട്ട്.
കൃഷിയിലും മത്സ്യ മേഖലയിലും വളർച്ചയുണ്ടായി. കൃഷി 1.25 ശതമാനത്തിൽ നിന്നും 2.14 ആയി ഉയർന്നു. മത്സ്യമേഖല നെഗറ്റീവ് വളർച്ചയിൽ നിന്ന് 10.55 ശതമാനം വളർച്ച നേടി. റവന്യൂ ചെലവും മൂലധന ചെലവും കൂടി. റവന്യൂ ചെലവിന്‍റെ വളര്‍ച്ച .5 ശതമാനത്തിൽ നിന്ന് 9.3 ശതമാനമായി. മൂലധന ചെലവ് .48 ശതമാനത്തിൽ നിന്ന് 8.96 ശതമാനമായി. നടപ്പുവർഷം ജിഎസ്ഡിപി 6.2 ശതമാനം വളർന്നെന്നും സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.
സാമ്പത്തിക അവലോകനം 2025 – ഹൈലൈറ്റ്സ്
2024-25 സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്‌ഡിപി 9.97 ശതമാനം വളര്‍ന്നു. മുന്‍വര്‍ഷത്തിലേത് മൂന്ന് ശതമാനമായിരുന്നു.
മൊത്തം സംസ്ഥാന മൂല്യ വര്‍ധന. 2024-25ല്‍ 10.08 ശതമാനം വര്‍ധിച്ചു. മുന്‍വര്‍ഷം അത് 9.19 ശതമാനമായിരുന്നു.
പ്രതിശീര്‍ഷ ഉല്‍പ്പാദനം 1.90 ലക്ഷം രൂപയായി. മുന്‍വര്‍ഷം അത് 1.79 ലക്ഷം രൂപയായിരുന്നു.
എല്ലാ സാമ്പത്തിക മേഖലയിലും 2024-25ല്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രാഥമിക സാമ്പത്തിക മേഖലയില്‍ 2.36 ശതമാനം വളര്‍ച്ചയുണ്ട്. മുന്‍വര്‍ഷം അത് 0.24 ശതമാനമായിരുന്നു.
സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിലും വര്‍ധനയുണ്ട്.
കേന്ദ്ര കൈമാറ്റങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.15 ശതമാനം കുറഞ്ഞു.
റവന്യൂ വരുമാനം വര്‍ഷാവര്‍ഷം വര്‍ധിക്കുന്നു.
സംസ്ഥാനത്തിന്റെ തനത് വരുമാനം 2.7 ശതമാനം വര്‍ധിച്ചു.
തനത് നികുതി വരുമാനത്തില്‍ 3.1 ശതമാനം വര്‍ധനയും, നികുതിയേതര വരുമാനത്തില്‍ 1 ശതമാനം വര്‍ധനയുണ്ട്.
2024-25ല്‍ മൊത്തം ചെലവില്‍ 9 ശതമാനം വളര്‍ച്ചയുണ്ട്. 2023-24 –ലെ അര ശതമാനം വളര്‍ച്ചയില്‍നിന്നാണ് ഈ മുന്നേറ്റം.
മൂലധന ചെലവില്‍ 8.96 ശതമാനം വര്‍ധനയുണ്ട്.
കേരളം ധന ദൃഢീകരണ പാതയില്‍. വരുമാനം ഉയര്‍ത്താനും ചെലവ് യുക്തിസഹമാക്കാനും കഴിയുന്നു.
പഴം – പച്ചക്കറി ഉല്‍പ്പാദനത്തില്‍ രണ്ടുലക്ഷം മെട്രിക് ടണിന്റെ വര്‍ധന.
2024-25ല്‍ പഴം – പച്ചക്കറി ഉല്‍പ്പാദനം 19.11 ലക്ഷം മെട്രിക് ടണായി ഉയര്‍ന്നു. 2023-24ല്‍ ഇത് 17.21 ലക്ഷം മെട്രിക് ടണായിരുന്നു.
2024-25ല്‍ 6,941 കോടി രൂപയുടെ സമുദ്ര വിഭവങ്ങള്‍ കേരളത്തില്‍നിന്ന് കയറ്റുമതി ചെയ്തു.
2024-25ല്‍ സംരംഭങ്ങളുടെ വര്‍ഷം. 3.0 ക്യാമ്പയിനിന്റെ ഭാഗമായി 1.17 ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു. 7,799 കോടി രൂപയുടെ പുതിയ നിക്ഷേപവും വന്നു. പദ്ധതിയില്‍ രണ്ടര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.
കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‍വര്‍ക്ക് – കെ-ഫോണിന് 1.13 ലക്ഷം സജ്ജീവ കണക്ഷനുകളായി.
സംസ്ഥാനത്ത് 94.92 ലക്ഷം കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ഉറപ്പാക്കി.
കേരളത്തില്‍ റോഡ് ശൃംഖല 1.97 ലക്ഷം കിലോമീറ്ററിലേയ്ക്ക് വളര്‍ന്നു.
മലയോര ഹൈവേ പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നേറുന്നു. തീരദേശ ഹൈവേയുടെ ഭൂമിയേറ്റെടുക്കല്‍ പുരോഗമിക്കുന്നു.
ദേശീയപാതകള്‍ക്കുള്ള ഭൂമിയേറ്റെടുക്കല്‍, വാട്ടര്‍ മെട്രോ, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവ ശ്രദ്ധേയമായ നേട്ടങ്ങള്‍.
പൂര്‍ണമായും വൈദ്യൂതികരിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനം. പവര്‍കട്ടോ, ലോഡ് ഷെഡിംഗോ ഇല്ല. 365 ദിവസവും മുഴുവന്‍ സമയവും വൈദ്യുതി ഉറപ്പാക്കുന്നു.
ലൈഫില്‍ 4,71,442 വീടുകള്‍ നിര്‍മിച്ചു. ഇതില്‍ പട്ടിക ജാതി കുടുംബങ്ങള്‍ക്കായി 1,25,360 വീടുകള്‍ നിര്‍മിച്ച് നല്‍കി. 45,976 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കും അടച്ചുറപ്പുള്ള സുരക്ഷിത വീടുകള്‍ ലഭ്യമായി.
സംസ്ഥാനത്തിന്റെ മൊത്തം പദ്ധതി വിഹിതത്തിന്റെ 9.8 ശതമാനം പട്ടിക ജാതി ക്ഷേമത്തിന് നീക്കിവച്ചു. 2.83 ശതമാനം പട്ടിക വര്‍ഗ ക്ഷേമത്തിനും ചെലവഴിച്ചു.
കേരളത്തിന്റെ പൊതുജനാരോഗ്യ പരിരക്ഷ കരുത്തുറ്റത്.
ഉന്നത നിലവാരവും വിവേചന രഹിതവും സാധാരണകാര്‍ക്ക് താങ്ങാനാകുന്നതുമായ പൊതുജനാരോഗ്യ സംവിധാനം ഉറപ്പാക്കുന്നു.
ജനങ്ങളുടെ ജീവിത നിലവാരം ഉറപ്പാക്കാന്‍ നവകേരളം സാധ്യമാക്കുന്ന പരിപാടികള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നു.
ബിസിനസ് സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റാനായി.
എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന വികസന മാതൃകകള്‍ മുന്നോട്ടുവയ്ക്കുന്നു.
കാര്‍ഷിക വ്യവസായിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ വലിയ ഉദ്യമങ്ങള്‍ ഏറ്റെടുക്കുന്നു.