സുരേന്ദ്രൻ്റേത് വ്യാജപ്രചാരണമെന്ന് മന്ത്രി വി. ശിവൻകുട്ടി Source: FB
KERALA

കേരള സിലബസ് കേന്ദ്ര സർക്കാരിന് അടിയറവ് വയ്ക്കില്ല, സുരേന്ദ്രൻ്റേത് വ്യാജപ്രചാരണം: മന്ത്രി വി. ശിവൻകുട്ടി

"ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ട"

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതിന് പിന്നാലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് നേതാക്കളെ ഉൾപ്പെടുത്തുമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവനയിൽ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സുരേന്ദ്രൻ്റേത് വ്യാജപ്രചാരണമെന്ന് വി. ശിവൻകുട്ടി പറഞ്ഞു. രാഷ്ട്രീയലക്ഷ്യം വച്ചുള്ള വ്യാജപ്രചാരണമാണ് സുരേന്ദ്രൻ നടത്തുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലെന്നും മന്ത്രി പറഞ്ഞു. അസംബന്ധ പ്രസ്താവനകൾ നടത്തുന്നത് ഈ ധാരണക്കുറവ് മൂലമാണ്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് ഫണ്ട് വിനിയോഗത്തിന് വേണ്ടിയാണ്. കേരളത്തിന്റെ സിലബസ് കേന്ദ്ര സർക്കാരിന് അടിയറ വയ്ക്കാനല്ല. ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ട. മഹാത്മാ ഗാന്ധിയെ വധിച്ചത് ഗോഡ്സെയെന്ന ചരിത്രം പാഠപുസ്തകങ്ങളിൽ നിന്ന് ആർക്കും മായ്ക്കാൻ കഴിയില്ല. ഹെഡ്ഗേവറെയും സവർക്കറെയും കുട്ടികളെ പഠിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്നും മന്ത്രി കുറിച്ചു.

പിഎം ശ്രീയിൽ ഒപ്പ് വച്ചതോടെ കേരളം ശരിയായ നിലപാട് സ്വീകരിച്ചുവെന്നായിരുന്നു കെ. സുരേന്ദ്രൻ്റെ പ്രസ്താവന. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി ലഭിക്കേണ്ട നല്ല കാര്യമാണ് കഴിഞ്ഞ നാല് വർഷം ഇടതുപക്ഷം തടസപ്പെടുത്തിയത്. വി. ശിവൻകുട്ടി ഞാൻ മാറിയിരിക്കുന്നു എന്ന് സമ്മതിച്ചിരിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടിയാണ് പിഎം ശ്രീ. കോൺഗ്രസ് തമസ്കരിച്ച എല്ലാ ചരിത്രവും പാഠ്യവിഷയമാകും. ഡോ. ഹെഡ്ഗേവർ, വീര സവർക്കർ എന്നിവരുടെ ചരിത്രം വരെ പാഠ്യവിഷയമാകും. നെഹ്റുവിനെ മാത്രം പഠിച്ചാൽ പോരെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

SCROLL FOR NEXT