Vedan & NR Madhu Google
KERALA

വേടനെതിരായ വിദ്വേഷ പ്രസംഗം: കേസരി പത്രാധിപർ എൻ. ആർ. മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മധു പൊലീസിന് മൊഴി നൽകി

Author : ന്യൂസ് ഡെസ്ക്

റാപ്പർ വേടനെതിരായ അധിക്ഷേപ പരാമർശ കേസിൽ ആർഎസ്‌എസ് വാരിക കേസരി മുഖ്യപത്രാധിപൻ എൻ.ആർ. മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം കിഴക്കേ കല്ലട പൊലീസാണ് എൻ.ആർ. മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം മധുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മധു പൊലീസിനോട് പറഞ്ഞു.

കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു വേടനെതിരെയുള്ള എൻ.ആർ. മധുവിന്റെ പരാമർശം. വേടൻ്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നെന്നും ഇതിൻ്റെ പിന്നില്‍ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോണ്‍സർമാരുണ്ടെന്നുമായിരുന്നു എൻ.ആർ. മധുവിൻ്റെ പ്രസ്താവന. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. കലാഭാസങ്ങൾ നാലമ്പലങ്ങളിലേക്ക് കടന്നു വരുന്നത് തടയണം. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞിരുന്നു.

മധുവിൻ്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധനാണ് പരാതി നൽകിയത്. തുടർന്ന് കിഴക്കെ കല്ലട പൊലീസ് കേസെടുക്കുകയായിരുന്നു. കലാപത്തിന്‌ ആഹ്വാനം ചെയ്‌തതിന് ഭാരതീയ ന്യായസംഹിത 192 വകുപ്പ്‌ പ്രകാരമാണ്‌ മധുവിനെതിരെ കേസെടുത്തത്.

എൻ.ആർ. മധുവിൻ്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തിയിരുന്നു. കലാഭാസമെന്ന് പറഞ്ഞത് ശുദ്ധ വിവരക്കേടാണെന്നായിരുന്നു എം.വി. ഗോവിന്ദൻ്റെ പ്രതികരണം. മധുവിൻ്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നും വേടനെതിരായ ആക്രമണത്തെ കേരളം ഒറ്റക്കെട്ടായി എതിർക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.

SCROLL FOR NEXT