KERALA

ആറ്റുകാല്‍ ഡ്യൂട്ടികളില്‍ സഹകരിക്കുമെന്ന് കെജിഎംഒഎ; നിസഹകരണ സമരം തുടരുമെന്നും അറിയിപ്പ്

ആശുപത്രി സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംഘടന തീരുമാനങ്ങളിൽ അയവ് വരുത്തിയത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആറ്റുകാൽ ഡ്യൂട്ടികളിൽ സഹകരിക്കുമെന്ന് കെജിഎംഒഎ. നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ട് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംഘടന തീരുമാനങ്ങളിൽ അയവ് വരുത്തിയത്. നിസഹകരണ സമരം തുടരുമെന്നും ആറ്റുകാൽ ഡ്യൂട്ടികളില്‍ സഹകരിക്കുമെന്നുമാണ് അവർ വ്യക്തമാക്കുന്നത്. ജില്ലാ ജനറൽ ബോഡിയിലാണ് തീരുമാനമായത്.

സൂപ്രണ്ടിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. ഇതേത്തുടർന്നാണ് സജി, ഷാലു എന്നീ ബിജെപി പ്രവർത്തകരെ നെടുമങ്ങാട് പിടികൂടിയത്. ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത്.

ഇതിനിനിടെ ആശുപത്രി സൂപ്രണ്ടായ ഡോ. സുമിയ ആള്‍ക്കൂട്ടം പരസ്യമായി വിചാരണ ചെയ്തുവെന്നായിരുന്നു കെജിഎംഒയുടെ പരാതി. പ്രതിഷേധക്കാരുടെ പിടിവലിയില്‍ സൂപ്രണ്ടിന് സെര്‍വിക്കല്‍ സ്‌പൈന്‍ ഇഞ്ചുറി സംഭവിച്ചുവെന്നും കഴുത്തും കൈകളും അനക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും കെജിഎംഒഎ വ്യക്തമാക്കിയിരുന്നു.

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട എല്ലാ ഡ്യൂട്ടികളും ബഹിഷ്‌കരിക്കുമെന്നും സംസ്ഥാന തലത്തിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും കെജിഎംഒഎ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇന്ന് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ തീരുമാനത്തിൽ അയവുവരുത്താൻ കെജിഎംഒഎ തീരുമാനിക്കുകയായിരുന്നു.

പാലോട് സ്വദേശി നിരഞ്ജനയുടെയും ബിനിലിൻ്റെയും കുഞ്ഞാണ് പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. ഡോക്ടര്‍ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലാണ് സിസേറിയന്‍ നടത്തിയത്. എന്നാല്‍ താന്‍ അല്ല പ്രസവം നോക്കിയത് എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. ഒപ്പമുണ്ടായ നേഴ്‌സുമാരോട് ചോദിച്ചപ്പോള്‍ ഡോക്ടര്‍ തന്നെയാണ് നോക്കിയതെന്ന് പറയുകയും ചെയ്തു എന്നും ബിനില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വിവിധ സംഘടനകൾ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്.

SCROLL FOR NEXT