

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ചതിനെ തുടര്‍ന്ന് സൂപ്രണ്ടിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുമെന്ന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്. സൂപ്രണ്ടിനെ ആള്‍ക്കൂട്ട വിചാരണ ചെയ്യുകയായിരുന്നുവെന്ന് ആരോപിച്ച് കെജിഎംഒഎ രംഗത്തെത്തിയിരുന്നു.
ആശുപത്രി സൂപ്രണ്ടായ ഡോ. സുമിയ ആള്‍ക്കൂട്ടം പരസ്യമായി വിചാരണ ചെയ്തുവെന്നായിരുന്നു കെജിഎംഒയുടെ പരാതി. പ്രതിഷേധക്കാരുടെ പിടിവലിയില്‍ സൂപ്രണ്ടിന് സെര്‍വിക്കല്‍ സ്‌പൈന്‍ ഇഞ്ചുറി സംഭവിച്ചുവെന്നും കഴുത്തും കൈകളും അനക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും കെജിഎംഒഎ വ്യക്തമാക്കിയിരുന്നു.
ഇന്നലെ വരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഐസിയുവിലായിരുന്നു ഡോ. സുമി. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് സമരം ശക്തമാക്കുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട എല്ലാ ഡ്യൂട്ടികളും ബഹിഷ്‌കരിക്കുമെന്നും സംസ്ഥാന തലത്തിലേക്ക് സമരം വ്യാപിപ്പിക്കുമെന്നുമായിരുന്നു കെജിഎംഒഎയുടെ മുന്നറിയിപ്പ്.
തുടര്‍ന്നാണ് കെജിഎംഒഎയുമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയത്. സൂപ്രണ്ടിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയതായി സംഘടന അറിയിച്ചു. അറസ്റ്റുണ്ടായില്ലെങ്കില്‍ സമരം കടുപ്പിക്കുമെന്നാണ് കെജിഎംഒഎയുടെ മുന്നറിയിപ്പ്.
അതേസമയം, ചികിത്സാ പിഴവ് ആരോപണം നേരിടുന്ന ഡോക്ടര്‍ ബിന്ദു സുന്ദറിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് മന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍നടപടി ഉണ്ടാകും.
പാലോട് സ്വദേശി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. ഡോക്ടര്‍ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലാണ് സിസേറിയന്‍ നടത്തിയത്. എന്നാല്‍ താന്‍ അല്ല പ്രസവം നോക്കിയത് എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. ഒപ്പമുണ്ടായ നേഴ്‌സുമാരോട് ചോദിച്ചപ്പോള്‍ ഡോക്ടര്‍ തന്നെയാണ് നോക്കിയതെന്ന് പറയുകയും ചെയ്തു എന്നും ബിനില്‍ വ്യക്തമാക്കിയിരുന്നു.