കെ.കെ. ഹർഷിന 
KERALA

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയമനം ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്ന് കെ.കെ. ഹർഷിന

സമരം രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് അപമാനിച്ചവർക്കുള്ള മറുപടിയാണ് ഈ നടപടിയെന്ന് ഹർഷിന

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് നിയമപോരാട്ടം നടത്തിയ ഹർഷിനയ്ക്ക് യുഡിഎഫ് സർക്കാരിൻ്റെ കരുതൽ. ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ച സർക്കാർ ആശുപത്രിയിൽ ജോലി നൽകുമെന്നും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി ഉറപ്പുനൽകി.

മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരിൽ കണ്ടു നടത്തിയ ചർച്ചകൾക്കൊടുവിലാണ് നിർണായകമായ തീരുമാനം. ഹർഷിന ഉയർത്തിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. കാര്യങ്ങൾ പഠിച്ച് ആവശ്യമായ നഷ്ടപരിഹാരം നൽകും. കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ നിയമനം നൽകും.

കൂടാതെ ഹർഷിനയുടെ വീട് നിർമാണത്തിന് സർക്കാർ സഹായം നൽകും. ജോലിക്കുള്ള ഓർഡർ അടിച്ചു വച്ചതായി ആരോഗ്യമന്ത്രി പറഞ്ഞതായി ഹർഷിന പറഞ്ഞു. നാളെ തന്നെ ജോലിയിൽ പ്രവേശിക്കുമെന്നും അവർ പറഞ്ഞു. ഓഫീസ് അസിസ്റ്റൻ്റ് ആയിട്ടായിരിക്കും നിയമനം. ഡോക്ടർമാർക്കെതിരെയുള്ള കേസുമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു.

സമരം രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് അപമാനിച്ചവർക്കുള്ള മറുപടിയാണ് ഈ നടപടിയെന്നും ഹർഷിന പറഞ്ഞു. 2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ കടുത്ത അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിൽ 2022 സെപ്റ്റംബർ 17ന് മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് ഈ കത്രിക പുറത്തെടുത്തത്.

തുടർന്ന് നടന്ന അന്വേഷണത്തിൽ, രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതി ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ അവ്യക്തതകൾ നിലനിന്നെങ്കിലും, ശാസ്ത്രീയ പരിശോധനകളിലൂടെ കത്രിക മെഡിക്കൽ കോളജിൽ നിന്നാണ് വയറ്റിൽ കുടുങ്ങിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

SCROLL FOR NEXT